കിഴക്കമ്പലം: പ്രഖ്യാപനങ്ങൾ പാഴ്‌വാക്കായപ്പോൾ കടമ്പ്രയാർ ടൂറിസം പദ്ധതി എങ്ങുമെത്താതെ പഴയപടിതന്നെ. അടിസ്ഥാനസൗകര്യങ്ങളോടെ നവംബർ ഒന്നിന് ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ബോട്ടിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കഴിഞ്ഞിട്ടില്ല. മനക്കക്കടവ് ഭാഗത്ത് ടോയ്‌ലെറ്റ് നിർമ്മിച്ചെങ്കിലും സാങ്കേതിക തടസംമൂലം അനുമതി ലഭിച്ചിട്ടില്ല. പുതിയ റസ്റ്റോറന്റ് എന്ന പ്രഖ്യാപനം ടീ ഷോപ്പ് തുറന്നതിൽ ഒതുക്കി. പുതിയ വാട്ടർ റൈഡുകൾ,​ ബോട്ടുകൾ എന്നിവ ക്രമീകരിക്കാൻ തീരുമാനിച്ചതും പ്രാവർത്തികമായില്ല.

കുന്നത്തുനാട് പഞ്ചായത്തിലെ മനക്കക്കടവിലാണ് കടമ്പ്രയാർ ടൂറിസം പദ്ധതി. നേരത്തെ മഴവിൽ പാലമടക്കം വാക്ക് വേ, ബോട്ടിംഗ് സൗകര്യങ്ങൾ എന്നിവയുണ്ടായിരുന്നത് പദ്ധതി നടത്തിപ്പിലെ അപാകതമൂലം നശിച്ചിരുന്നു. സ്വകാര്യവ്യക്തികൾക്ക് നടത്തിപ്പ് ചുമതല നൽകിയെങ്കിലും കൊവിഡ് കാലത്ത് കരാറുകാർ ഉപേക്ഷിച്ച് പോയതോടെ കോടികൾ മുടക്കി പുനർനിർമ്മിച്ച പദ്ധതി അവതാളത്തിലായി. ദേശാടനപ്പക്ഷികൾ ധാരാളമായി വന്നുപോകുന്ന ഇടമാണ് ഇവിടം. ജില്ലയിലെ ജലകേളീ വിനോദകേന്ദ്രങ്ങളിൽ പ്രമുഖസ്ഥാനവുമുണ്ട്. നേരത്തെ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ കടമ്പ്രയാറിന്റെ നവീകരണം സംബന്ധിച്ച് വിശദമായി മാസ്റ്റർ പ്ളാൻ തയാറാക്കിയിരുന്നു. എന്നാൽ നാളിതുവരെ നടപ്പാക്കാൻ അധികൃതർ തയാറായിട്ടില്ല.

2010ൽ പ്രവർത്തനം തുടങ്ങിയ കടമ്പ്രയാർ ടൂറിസം പദ്ധതി അ​റ്റകു​റ്റപ്പണികളുടെ അഭാവംമൂലം പാടെതകർന്ന നിലയിലാണ്. ജില്ലയിലെത്തുന്ന ആഭ്യന്തര, വിദേശ ടൂറിസ്​റ്റുകളെ ആകർഷിക്കുംവിധം ജലകേളീ വിനോദങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള വികസനമാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഒന്നും യാഥാർത്ഥ്യമാക്കാനായില്ല. വിപുലമായ സൗകര്യങ്ങളോ‌ടെ കോട്ടേജുകൾ, കുട്ടികൾക്കുള്ള പാർക്ക്, പാർക്കിംഗ് ഏരിയ, മൾട്ടിപ്ളെക്സ് തീയേറ്റർ, കൺവെൻഷൻ സെന്റർ തുടങ്ങിയവ നിർമ്മിക്കുമെന്ന പ്രഖ്യാപനവും കടലാസിലൊതുങ്ങി.

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ മാത്രമാണ് നിലവിൽ കടമ്പ്രയാറിൽ എത്തുന്നത്. ലഹരി കൈമാറ്റവും കച്ചവടവും നടക്കുന്നതായി നിരവധി പരാതികളുമുണ്ട്. വിഷയത്തിൽ പൊലീസ് ശ്രദ്ധ അനിവാര്യം. പട്രോളിംഗിന്റെ അഭാവംകാരണം പലപ്പോഴും വിദ്യാർത്ഥികൾ തമ്മിലെ പ്രശ്നങ്ങൾ കൈയേറ്റങ്ങളിൽ കലാശിക്കാറുണ്ട്.

കെ.ജി. രാജൻ, പ്രദേശവാസി