പറവൂർ: പെരിയാറിൽ നിന്ന് ചാലക്കുടിയാറിലേക്ക് ഓരുജലം കയറുന്നത് തടയാൻ മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പുത്തൻവേലിക്കര ഇളന്തിക്കര കോഴിത്തുരുത്ത് മണൽബണ്ട് നിർമ്മാണം തുടങ്ങി. ഇളന്തിക്കര ഭാഗത്താണ് മണൽ ഡ്രജിംഗ് ആരംഭിച്ചത്. മണൽ ബണ്ട് നിർമാണത്തിന് ഇത്തവണ 24.62 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
ആലപ്പുഴയിൽ നിന്ന് ഡ്രജർ എത്തിച്ചാണ് മണൽ ഡ്രജ് ചെയ്യുന്നത്. പുഴയിൽ 100 മീറ്റർ താഴേക്ക് ഇറക്കി കെട്ടണമെന്ന ആവശ്യമുയർന്നെങ്കിലും മുൻവർഷങ്ങളിൽ നിർമ്മിച്ച സ്ഥലത്തുതന്നെയാണ് ഇത്തവണയും ബണ്ട് പണിയുന്നത്. പെരിയാറിൽ നിന്ന് ചാലക്കുടിയാറിലേക്ക് ഓരുജലം കയറുന്നതു ശാശ്വതമായി തടയാൻ കണക്കൻകടവിൽ നിർമ്മിച്ച റെഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകൾ ചോരുന്നതിനാലാണ് എല്ലാ വർഷവും മണൽ ബണ്ട് പണിയേണ്ടിവരുന്നത്. മൂന്ന് ആഴ്ചയ്ക്കുള്ളിൽ ബണ്ടിന്റെ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. നിർമ്മാണത്തിന് താമസം നേരിട്ടാൽ പെരിയാറിൽ നിന്ന് ഓരുജലം കയറും. ഇത് കുടിവെള്ള വിതരണം. കൃഷി എന്നിവയെ സാരമായി ബാധിക്കുകയും ചെയ്യും.