
ആലങ്ങാട്: ആലങ്ങാട് ജുമാ മസ്ജിദിന്റെ നേർച്ച കുറ്റിയുടെ പൂട്ടു പൊളിച്ച് പണം കവർന്നു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് പള്ളി കോമ്പൗണ്ടിൽ സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരം കുത്തിത്തുറന്നത്. വെള്ളിയാഴ്ച പ്രഭാത നിസ്കാരത്തിന് എത്തിയവരാണ് ഭണ്ഡാരം കുത്തി തുറന്ന നിലയിൽ കണ്ടെത്തിയത്. ആലങ്ങാട് വെസ്റ്റ് പൊലീസ് സ്റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിലാണ് ആലങ്ങാട് ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 15000 രൂപ കവർന്നതായി സംശയിക്കുന്നതായി മഹല്ല് പ്രസിഡന്റ് ബിനു അബ്ദുൽ കരീം പറഞ്ഞു. ഉടൻ തന്നെ പൊലീസ് പരിശോധന നടത്തി. സി.സി കാമറയിൽ മോഷ്ടാവിന്റെ പടം പതിഞ്ഞിട്ടുണ്ട്. തുണി കൊണ്ട് മുഖം മറച്ച നിലയിലാണ് ഇയാൾ. കഴിഞ്ഞ ഒരാഴ്ച്ച മുമ്പ് റോഡിനഭിമുഖമായി സ്ഥാപിച്ചിട്ടുള്ള മസ്ജിദിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് വൻ തുക കവർന്നിരുന്നു. ബാക്കി തുക മോഷ്ടാവിന് കൊണ്ടു പോകാൻ കഴിയാതെ ഭണ്ഡാരത്തിനരികിൽ ഉപേക്ഷിച്ചിരുന്നു. ഇത് 15000 രൂപ ഉണ്ടായിരുന്നുവെന്നും അന്നും പൊലീസും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചതായും മഹല്ല് സെക്രട്ടറി എ.എം. അബ്ദുൽ സലാം പറഞ്ഞു.