ആലങ്ങാട്: രണ്ടുവർഷംമുമ്പ് പത്തുപവൻ മോഷണംപോയ ആളില്ലാത്ത വീട്ടിൽ വീണ്ടും മോഷണ ശ്രമം. കള്ളൻ കയറുന്ന ക്യാമറാ ദൃശ്യം ശ്രദ്ധയിപ്പെട്ട അമേരിക്കയിലുള്ള വീട്ടുകാർ വി​വരം അറി​യി​ച്ചതി​നെത്തുടർന്ന് തുടർന്ന് നാട്ടുകാർ കള്ളനെ പിടികൂടി പോലീസിനു നൽകി. കരുമാല്ലൂർ തട്ടാംപടി കവലയിലുള്ള മേനാച്ചേരി വർഗീസിന്റെ വീട്ടിലായിരുന്നു വെള്ളിയാഴ്ച പുലർച്ചെ മോഷണശ്രമം നടന്നത്. രണ്ടുവർഷംമുമ്പ് രോഗബാധിതനായിരുന്ന വർഗീസ് ചികിത്സയ്ക്കായി പുലർച്ചെ എറണാകുളത്തെ ആശുപത്രിയിലേക്ക് പോയസമയം ഇവിടെ കള്ളൻ കയറിയിരുന്നു. അന്ന് പത്തുപവൻ സ്വർണവും ഒരു ലക്ഷം രൂപയുമാണ് കൊണ്ടുപോയത്. വർഗീസിന്റെ മരണത്തെതുടർന്ന് ഭാര്യ അമേരിക്കയിലുള്ള മക്കളുടെ അടുത്തേക്കുപോതി​നാൽ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. എല്ലാവശങ്ങളിലും ക്യാമറകൾ സ്ഥാപിച്ച് ദൃശ്യങ്ങൾ അമേരിക്കയിലിരുന്ന് നിരീക്ഷിക്കുന്നതിനുള്ള സംവിധാനമുള്ളതുകൊണ്ടാണ് പുലർച്ചെ കള്ളൻ അകത്തു കയറിയയുടനെ വിവരങ്ങൾ ലഭിച്ചത്. വിവരമറിയിച്ചതി​നെത്തുടർന്ന് അയൽക്കാരെത്തിയപ്പോൾ രണ്ട് കള്ളൻമാർ മതിൽചാടി ഓടാൻ ശ്രമിച്ചു. അതിൽ ഒരാളെ നാട്ടുകാർക്ക് പിടികിട്ടി. മറ്റെയാൾ രക്ഷപെട്ടു. പട്രോളിങ്ങിനിറങ്ങിയ ആലങ്ങാട് പൊലീസ് അവിടെയെത്തി കള്ളനെ കൊണ്ടുപോയി. തൃശൂർ സ്വദേശിയാണ് പിടിയിലായിട്ടുളളതെന്നാണ് സൂചന. ചോദ്യം ചെയ്യലിൽ ഇയാൾ പേരും നാടുമെല്ലാം മാറിമാറി പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.