വൈപ്പിൻ: സമഗ്രശിക്ഷാ കേരളം വൈപ്പിൻ ബി.ആർ.സിയുടെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കായിക അഭിരുചി പരിപോഷിപ്പിക്കുന്നതിന് ഇൻക്ലൂസീവ് കായികോത്സവത്തിന് തുടക്കം കുറിച്ചു.

ഞാറക്കൽ ഇന്ത്യൻ സ്‌പോർട്‌സ് അക്കാഡമിയിൽ സംഘടിപ്പിച്ച സെവൻസ് ഫുട്‌ബാൾ സൗഹൃദമത്സരം ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ബേബി ചെമ്മണ്ണൂർ കിക്ക് ഓഫ് ചെയ്തു. വൈപ്പിൻ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 കുട്ടികൾക്ക് കായികാദ്ധ്യാപകനായ കെ.എ. സാദിഖിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി സൗഹൃദ മത്സരത്തിന് സജ്ജരാക്കി. തുടർ പരിശീലനം നൽകി കുട്ടികളെ സ്‌പെഷ്യൽ ഒളിമ്പിക്‌സിന് പ്രാപ്തരാക്കുക എന്നതാണ് പരിപാടിയുടെ മുഖ്യലക്ഷ്യം.
ഞാറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലാമണി ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ഞാറക്കൽ എസ്.ഐ. വന്ദന, തീരദേശ പരിപാലന അതോറിട്ടി അംഗം എ.പി. പ്രനിൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. എ.ഷൈനാമോൾ, ഇന്ത്യൻ സ്‌പോർട്‌സ് അക്കാഡമി മാനേജിംഗ് ഡയറക്ടർ അനിൽ പ്ലാവിൻസ്, പ്രീത കമ്മത്ത്, സ്‌പെഷ്യൽ എഡ്യുക്കേറ്റർ നീതു എന്നിവർ സംസാരിച്ചു.