പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിലെ പട്ടണം ആളംതുരുത്തിലെ കിടക്ക നിർമ്മാണശാലയ്ക്ക് തീപിടിച്ചു. കൊടുങ്ങല്ലൂർ എറിയാട് സ്വദേശി നിസാറിന്റെ ഉടമസ്ഥതയിലുള്ള പെർഫെക്റ്റ് മാറ്റ്റസ് സ്ഥാപനത്തിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അഗ്നിബാധ. ജീവനക്കാരന്റെ വിവാഹമായതിനാൽ അന്യസംസ്ഥാന തൊഴിലാളി മാത്രമാണ് കമ്പനിയിൽ ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.
പത്ത് വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ അഞ്ച് സ്ഥിരം ജീവനക്കാരും പ്രദേശവാസികളായ സ്ത്രീകളും ജോലിചെയ്യുന്നുണ്ട്.
പറവൂർ, കൊടുങ്ങല്ലൂർ യൂണിറ്റുകളിൽ നിന്നും അഗ്നിശമനസേനയെത്തി തീയണച്ചു. അലൂമിനിയം ഷീറ്റുമേഞ്ഞ കെട്ടിടവും യന്ത്രസാമഗ്രികളം പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഒരു കോടി രൂപയിലേറെ നാശനഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.