കൊച്ചി: കോട്ടയത്ത് ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടിനെതിരെ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയുംചെയ്ത സംഭവത്തെത്തുടർന്നുള്ള കോടതിയലക്ഷ്യക്കേസിൽ കോട്ടയം ബാറിലെ 29 അഭിഭാഷകർക്ക് ഡിസംബർ 15 ഉച്ചയ്ക്ക് രണ്ടിന് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നോട്ടീസ്. സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് പരിഗണിക്കുന്നത്.
ഒരു കേസിൽ വ്യാജരേഖ ഹാജരാക്കിയെന്ന ആരോപണത്തിൽ പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകനെതിരെ കേസെടുക്കാൻ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് അഭിഭാഷകർ മജിസ്ട്രേട്ടിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. മജിസ്ട്രേട്ടിനെതിരെയുള്ള പ്രതിഷേധത്തിന്റെയും മുദ്രാവാക്യം വിളിയുടെയും ദൃശ്യങ്ങളും മജിസ്ട്രേട്ട് നല്കിയ റിപ്പോർട്ടും പരിഗണിച്ചാണ് ഹൈക്കോടതി സ്വമേധയാ കേസെടുക്കാൻ തീരുമാനിച്ചത്.
കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.എ. പ്രസാദ്, സെക്രട്ടറി അഡ്വ. ടോമി കെ. ജയിംസ് എന്നിവരുൾപ്പെടെ 29 അഭിഭാഷകർക്കെതിരെയാണ് കേസ്.