തോപ്പുംപടി: ബാറ്റ ആവശ്യപ്പെട്ടുകൊണ്ട് വല്ലാർപാടത്ത് തൊഴിലാളികൾ ആരംഭിച്ച ട്രക്ക് സമരം ഒത്തുതീർപ്പായി. എറണാകുളം ലേബർ ഓഫീസർ വി.കെ. നവാസ് വിളിച്ചുചേർത്ത അനുരഞ്ജനയോഗത്തിലാണ് തീരുമാനം. അഡീഷണൽ ലേബർ കമ്മീഷണർ പ്രഖ്യാപിച്ചതും ഉടമകൾ അംഗീകരിച്ചതുമായ വാടകയുടെ അടിസ്ഥാനത്തിലുള്ള ബാറ്റ തൊഴിലാളികൾക്ക് നൽകാമെന്ന് ട്രക്കുടമാ സംഘടനകളുടെ ഭാരവാഹികൾ അറിയിച്ചു. ഉടമകളും ട്രേഡ് യൂണിയൻ പ്രതിനിധികളും ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു. 23 നകം ഈ ബാറ്റ നൽകാമെന്ന് ഉടമകൾ സമ്മതിച്ചു. അസിസ്റ്റന്റ് ലേബർ ഓഫിസറായിരിക്കും കമ്മിറ്റി കൺവീനർ.

ചർച്ചയിൽ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് നേതാക്കളായ വി.എച്ച്. ഷിഹാബുദ്ദീൻ, ചാൾസ് ജോർജ്, റെജിമോൻ, ഫിറോസ്, എം. എം. രാജീവ്, എ. മനോജ്‌, എൻ. സുധിൻ കുമാർ, മുരുകൻ കെ. ബി, ട്രക്കുടമ ഭാരവാഹികളായ പി.കെ. സജീവ്, ജെ.എച്ച്. ലത്തീഫ്, പി.എ. ഷമീർ, ജോയ് ആലിയ, സുനിൽകുമാർ, ടോം ജോൺ തുടങ്ങിയവർ പങ്കെടുത്തു.