
കൊച്ചി : 26-ാം കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഗാന രചയിതാവ് ശ്രീകുമാരൻ തമ്പി പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം.കെ. സാനു അദ്ധ്യക്ഷത വഹിച്ചു. കെ. ജയകുമാർ പുസ്തകോത്സവ സന്ദേശം നൽകി. കെ.എൽ. മോഹനവർമ്മ, ടി.ജെ. വിനോദ് എം.എൽ.എ, മേയർ എം. അനിൽ കുമാർ, ശ്രീകുമാരി രാമചന്ദ്രൻ, അഡ്വ. എം. ശശിശങ്കർ, ലിജി ഭരത്, തുടങ്ങിയവർ സംസാരിച്ചു.
ഇന്ന് രാവിലെ 10.30ന് ചിൽഡ്രൻസ് ഫെസ്റ്റിവൽ. വൈകിട്ട് ലീലാമേനോൻ മാദ്ധ്യമ പുരസ്കാര വിതരണം. മുൻ കേന്ദ്ര മന്ത്രി എം.ജെ. അക്ബർ മുഖ്യാതിഥിയാകും. മൂന്നാം ദിനത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സാഹിത്യ മത്സരങ്ങൾ.
ആറാം ദിനം വൈകിട്ട് മൂന്നിന് യുവ എഴുത്തുകാർ പങ്കെടുക്കുന്ന ചർച്ച. തുടർന്ന് കൊച്ചി ലിറ്ററേച്ചർ ഫെസ്റ്റിവൽ കന്നഡ എഴുത്തുകാരൻ ഡോ. എച്ച്.എസ്. ശിവ പ്രകാശ് ഉദ്ഘാടനം ചെയ്യും. ഏഴ് , എട്ട് തീയതികളിൽ കേന്ദ്ര സാഹിത്യ അക്കാഡമി സംഘടിപ്പിക്കുന്ന നോവൽ, കവിത ചർച്ച. ഒൻപതാം ദിനം രാവിലെ 10.30 ന് പ്രൊഫ. എം. കൃഷ്ണൻ നായർ സ്‌മാരക സെമിനാർ നടക്കും. ഉച്ചയ്ക്ക് 1.30ന് സാഹിത്യസംഗമം നടക്കും. ഉച്ചയ്ക്ക് മൂന്നിന് മാടമ്പ് കുഞ്ഞിക്കുട്ടൻ ചെറുകഥ പുരസ്കാര വിതരണവും പുസ്തക പ്രകാശനവും നടക്കും.
പുസ്തകോത്സവത്തിൽ 200 പ്രസാധകരും 200 ന് മുകളിൽ എഴുത്തുകാരും പങ്കെടുക്കും. 100 ഓളം പുസ്തകങ്ങളുടെ പ്രകാശനവും പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കും.