മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലത്തിൽ നടക്കുന്ന നവകേരള സദസിന്റെ പ്രചാരണാർത്ഥം നിയോജക മണ്ഡലം സംഘാടക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ ജനപ്രതിനിധികളുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സർക്കാർ ഉദ്യോഗസ്ഥരുടെ ടീമിനെ കീഴടക്കിയാണ് നഗരസഭാ പ്രതിപക്ഷ നേതാവ് ആർ. രാകേഷിന്റെ നേതൃത്വത്തിലെ ജനപ്രതിനിധികളുടെ ടീം വിജയം സ്വന്തമാക്കിയത്. വിജയികൾക്ക് മൂവാറ്റുപുഴ ആർ.ഡി.ഒ പി.എൻ. അനിയും ചലച്ചിത്ര താരം സാജു നവോദയും ചേർന്ന് ട്രോഫികൾ നൽകി. സംഘാടക സമിതി രക്ഷാധികാരി ഗോപി കോട്ടമുറിക്കൽ, കൺവീനറും മൂവാറ്റുപുഴ തഹസിൽദാറുമായ രഞ്ജിത്ത് ജോർജ്, സംഘാടക സമിതി ഭാരവാഹികളായ എൻ. അരുൺ, പി.എം. ഇസ്മായിൽ, ഷാജി മുഹമ്മദ്, സജി ജോർജ്, താലൂക്ക് സപ്ലൈ ഓഫീസർ നിതിൻ എന്നിവർ പങ്കെടുത്തു.