കൊച്ചി: കൊച്ചി നഗരസഭയിലെ വിദ്യാഭ്യാസ - കായിക കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി സി. പി. എം കൗൺസിലർ വി.എ. ശ്രീജിത്തിനെ തിരഞ്ഞെടുത്തത് റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ശ്രീജിത്ത് നൽകിയ അപ്പീലിൽ ചീഫ് ജസ്റ്റിസ് ആശിഷ്. ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്.
ബാലറ്റ് പേപ്പറുകൾ മുദ്രവച്ച കവറിൽ സൂക്ഷിക്കണമെന്നും ആവശ്യപ്പെടുമ്പോൾ ഹാജരാക്കണമെന്നും ഡിവിഷൻ ബഞ്ച് തിരഞ്ഞെടുപ്പ് കമ്മിഷനു നിർദേശം നൽകിയിട്ടുണ്ട്. വി.എ. ശ്രീജിത്ത് തനിക്കു രേഖപ്പെടുത്തിയ വോട്ട് അസാധുവാണെന്ന് വ്യക്തമാക്കിയായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്. നിയമത്തിൽ പറയുന്ന തരത്തിലല്ല ശ്രീജിത്ത് വോട്ട് ചെയ്തതതെന്നും ഈ വോട്ട് അസാധുവായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലറും എതിർ സ്ഥാനാർഥിയുമായ ബാസ്റ്റിൻ ബാബു നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.