കൊച്ചി: പ്രതിസന്ധികളെ ചിരിച്ച മുഖത്തോടെ നേരിട്ട അഭിഭാഷകനായിരുന്നു അഡ്വ. ബാബുപോൾ. ആറു പതിറ്റാണ്ടു നീണ്ട ജീവിതത്തിനിടെ രോഗങ്ങൾ പലതവണ അദ്ദേഹത്തെ വേട്ടയാടാനെത്തി. എന്നാൽ ചിരിയോടെ ആ പ്രതിസന്ധികളെ മറികടന്ന അപൂർവ വ്യക്തിത്വമായിരുന്നു അഡ്വ. ബാബു പോൾ.
ഹൈക്കോടതി അഭിഭാഷകനെന്ന നിലയിൽ ഏറെ പ്രശസ്തനായിരുന്ന ബാബുപോൾ ഇത്തവണ ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത്. ഹൃദയാഘാതമായിരുന്നു മരണകാരണം. വിപുലമായ സൗഹൃദങ്ങളായിരുന്നു ബാബു പോളിന്റെ മറ്റൊരു മുഖമുദ്ര. വലിപ്പച്ചെറുപ്പമില്ലാതെ ആരെയും സുഹൃത്തുക്കളാക്കാൻ പോന്ന ചിരിയായിരുന്നു ബാബുപോൾ ഇതിനായി ഉപയോഗിച്ചിരുന്ന 'ലാ പോയിന്റ്'. ബാബുപോളിന്റെ മരണ വാർത്തയറിഞ്ഞ് ഇന്നലെ ഫേസ് ബുക്ക് പേജുകളിൽ മാത്രം പങ്കുവച്ച് ഓർമ്മക്കുറിപ്പുകൾ പരിശോധിച്ചാൽ അറിയാം അദ്ദേഹത്തിന്റെ സൗഹൃദങ്ങളുടെ വലിപ്പം. കഴിഞ്ഞ ദിവസവും ഹൈക്കോടതിയിൽ ഹാജരായി വാദം നടത്തിയ ബാബുപോളിന്റെ നിനച്ചിരിക്കാതെയുള്ള വേർപാട് അഭിഭാഷക സമൂഹത്തെയാകെ സങ്കടത്തിലാക്കി. രണ്ടാഴ്ച മുമ്പു വരെ ക്രിക്കറ്റ് കളിക്കാൻ അദ്ദേഹം എത്തിയ ഓർമ്മകളും സുഹൃത്തുക്കൾ സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകളിൽ പങ്കുവച്ചിരുന്നു.