കൊച്ചി: നവ കേരള സദസിന്റെ ഭാഗമായി തൃക്കാക്കര മണ്ഡലത്തിൽ ടെക്കികളും തൃക്കാക്കരയും എന്ന വിഷയത്തിൽ സംവാദ സദസ് സംഘടിപ്പിച്ചു. കാക്കനാട് പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിൽ നടന്ന സംവാദ സദസ് ഡെപ്യൂട്ടി കളക്ടർ ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കെ റയിൽ ഉടൻ നടപ്പിലാക്കണമെന്നും കൊച്ചി വാട്ടർ മെട്രോ ഇൻഫോ പാർക്കിലേക്ക് കൂടി ബന്ധിപ്പിക്കണമെന്നും ടെക്കികൾ ആവശ്യപ്പെട്ടു. കൂടാതെ ഇൻഫോ പാർക്കിലും സ്മാർട്ട് സിറ്റിയിലും നടപ്പാക്കേണ്ട നിരവധി നിർദ്ദേശങ്ങളും ചർച്ച ചെയ്തു. നവകേര സദസിൽ ടെക്കികൾ കുടുംബ സമേതം പങ്കെടുക്കും.

ഒമ്പതിന് രാവിലെ 11ന് കാക്കനാട് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന തൃക്കാക്കര മണ്ഡലതല നവകേരള സദസിൽ ടെക്കികളുടെ നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കും.

സംഘാടക സമിതി ചെയർമാൻ സി.എം. ദിനേശ് മണി അദ്ധ്യക്ഷത വഹിച്ചു. എ.ജി. ഉദയകുമാർ, സന്തോഷ് മേലേ കളത്തിൽ, പ്രോഗ്രസീവ് ടെക്കീസ് സംസ്ഥാന പ്രസിഡന്റ് അനീഷ് പന്തലാനി, ഐ.ടി പ്രൊഫഷണൽസായ കെ. ക്രിപേഷ്, വി.പി. ഷിയാസ്,
മാഹിൻ അബൂബക്കർ, മഹേഷ് കൊടിയേത്ത്, സി.സി. അർജുൻ, അശ്വതി രാജൻ, ബി. രാഹുൽ എന്നിവർ സംസാരിച്ചു.