north-railway

കൊച്ചി: നവീകരിച്ച എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകൾ 2025ലെ ഓണസമ്മാനമാകും. രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന്ന സ്റ്റേഷനുകൾ 2024 അവസാനം സമർപ്പിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും കുറച്ചുകൂടി നീളും. 'ആദ‌ർശ്' പദ്ധതിയിൽപ്പെടുത്തി ആകെ 450 കോടിയോളം രൂപയുടെ നവീകരണം.

സൗത്ത് (ജംഗ്ഷൻ) റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിൽ നാലുനില കെട്ടിടമാണ് നിർമ്മിക്കുക. കിഴക്കേ കവാടത്തിൽ ജി.സി.ഡി.എ കെട്ടിടത്തിന് സമീപം മൂന്ന് നിലകളിൽ പുതിയ സമുച്ചയം വരും. ക‌ർഷക റോഡിലെ പുറമ്പോക്കിൽ മൾട്ടിലെവൽ കാ‌ർ പാർക്കിംഗും ലക്ഷ്യമിടുന്നു.

14 എസ്കലേറ്ററുകളും 22 ലിഫ്റ്റുകളുമാണ് മാസ്റ്റർ പ്ലാനിലുള്ളത്. സൗത്ത് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന സ്കൈ വോക്ക്, യാത്രക്കാ‌ർക്ക് ഏറെ ഉപകാരപ്രദമാകും. 299.95 കോടി രൂപയാണ് റെയിൽവേ സ്റ്റേഷനുകളിലൊന്നായ എറണാകുളം ജംഗ്ഷനു വേണ്ടി വകയിരുത്തിയത്. പഴയകെട്ടിടങ്ങൾ പൊളിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതിനാൽ മുഖ്യകവാടം ഏറെക്കുറെ മറച്ചിരിക്കുകയാണ്. പ്ലാറ്റ്ഫോമിലേക്ക് ഇടുങ്ങിയ വഴികളാണ് തുറന്നിരിക്കുന്നത്. ടിക്കറ്റ് കൗണ്ടറും ബുക്കിംഗ്കൗണ്ടറും മറ്റും കണ്ടെത്തുന്നതിന് പരിചിതരല്ലാത്ത യാത്രക്കാ‌ർ

ബുദ്ധിമുട്ടുന്നുണ്ട്. അതേമയം പണിതീരുമ്പോൾ സൗകര്യങ്ങൾ ഏറെ ജനപ്രിയമാകും.

എറണാകുളം നോർത്ത് (ടൗൺ) സ്റ്റേഷനിൽ 150.28 കോടിയുടെ നി‌ർമ്മാണമാണ് നടക്കുക. മറ്റു സൗകര്യങ്ങൾക്ക് പുറമേ ടൗൺ ഹാൾ മെട്രോ സ്റ്റേഷനിലേക്ക് ആകാശപാതയും ഒരുക്കും. പൈലിങ്ങ് ജോലികൾ പൂർത്തിയായിവരികയാണ്. പ്രധാന കവാടം ഇവിടേയും ഭാഗികമായി മറച്ചിട്ടുണ്ട്. ‌

മുലയൂട്ടുന്ന അമ്മമാർക്കും ഭിന്നശേഷിക്കാർക്കും വേണ്ടി പ്രത്യേക സൗകര്യങ്ങൾ ആദർശ് സ്റ്റേഷൻ സമുച്ചയത്തിലുണ്ടാകും. വിവിധ പ്രത്യേക വെയ്റ്റിംഗ് റൂമുകളും ഒരുങ്ങും. കേരളത്തിലെ പത്തോളം സ്റ്റേഷനുകളടക്കം രാജ്യത്ത് 1253 ആദ‌ർശ് സ്റ്റേഷനുകൾക്കാണ് ഭരണാനുമതിയായത്.

 തൃപ്പൂണിത്തുറയും നവീകരിക്കും

ഉപഗ്രഹ സ്റ്റേഷനെന്ന നിലയിൽ തൃപ്പൂണിത്തുറ റെയിവേ സ്റ്റേഷനും പുതുക്കിപ്പണിയും. പത്തര കോടി രൂപയാണ് തൃപ്പൂണിത്തുറയ്ക്ക് അനുവദിച്ചത്. അമൃത് ഭാരത് പദ്ധതിയിൽ പെടുത്തിയാണ് വികസനം.