kunnathnad-navakerala

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വ്യാഴാഴ്ച മുതൽനാലുദിവസം ജില്ലയിൽ. നവകേരള സദസിന്റെ ഭാഗമായാണ് സന്ദർശനം. ഇതോടനുബന്ധിച്ച് ക്ഷണിക്കപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്ന പ്രഭാത യോഗവും ബഹുജന സദസും നടക്കും.
7 ന് രാവിലെ 9ന് അങ്കമാലി അഡ്‌ലക്‌സ് കൺവൻഷൻ സെന്ററിലാണ് മുഖ്യമന്ത്രിയുടെ ആദ്യ പ്രഭാത യോഗം. ഉച്ചയ്ക്ക് 2ന് സെന്റ് ജോസഫ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നവകേരള സദസ്. മൂന്നു മണിക്കൂർ മുമ്പ് വരെ ജനങ്ങൾക്ക് പരാതികളും നിവേദനങ്ങളും നൽകാം. വൈകിട്ട് 3.30ന് ആലുവ പ്രൈവറ്റ് സ്റ്റാൻ‌ഡ് പരിസരത്തും 5ന് പറവൂർ ഗവ.ബോയ്‌സ് സ്‌കൂൾ മൈതാനത്തും നവകേരള സദസ് സംഘടിപ്പിക്കും.

രണ്ടാം ദിവസമായ 8ന് രാവിലെ 9ന് പ്രഭാതയോഗം കലൂർ ഐ.എം.എ ഹൗസിൽ ചേരും. വൈപ്പിൻ, കൊച്ചി, കളമശേരി, എറണാകുളം മണ്ഡലങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. രാവിലെ 10 ന് ഞാറക്കൽ ജയ്‌ഹിന്ദ് ഗ്രൗണ്ടിൽ വൈപ്പിൻ, ഉച്ചയ്ക്ക് 2ന് ഫോർട്ട്‌കൊച്ചി വെളി ഗ്രൗണ്ടിൽ കൊച്ചി, 3.30ന് പത്തടിപ്പാലം റസ്റ്റ് ഹൗസിന് സമീപം കളമശ്ശേരി, വൈകിട്ട് 5ന് മറൈൻഡ്രൈവിൽ എറണാകുളം മണ്ഡലങ്ങളിലെ നവകേരള സദസുകൾ.

9ന് രാവിലെ 9ന് തൃപ്പൂണിത്തുറ സിയോൺ ഓഡിറ്റോറിയത്തിൽ തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലെ പ്രഭാതയോഗം. രാവിലെ 10ന് കാക്കനാട് സിവിൽ സ്‌റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ തൃക്കാക്കര, ഉച്ചയ്ക്ക് 2ന് പുതിയകാവ് ക്ഷേത്ര മൈതാനിയിൽ തൃപ്പൂണിത്തുറ, വൈകിട്ട് 3.30ന് പിറവം കൊച്ചുപള്ളി മൈതാനത്ത് പിറവം, 5ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ കുന്നത്തുനാട് മണ്ഡലങ്ങളിലെ സദസുകൾ സംഘടിപ്പിക്കും.

ജില്ലയിലെ അവസാന ദിവസമായ 10ന് രാവിലെ 9ന് വെങ്ങോല ഹമാരാ ഓഡിറ്റോറിയത്തിൽ പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ പ്രഭാതയോഗം. രാവിലെ 10ന് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ പെരുമ്പാവൂർ, ഉച്ചകഴിഞ്ഞ് 2ന് മാർ ബേസിൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനിയിൽ കോതമംഗലം. 3.30ന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ മൂവാറ്റുപുഴ മണ്ഡലങ്ങളിലേയും നവകേരള സദസ്.

തൃക്കാക്കരയിൽ പ്രത്യേക കൗണ്ടർ

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസിൽ പരാതികൾ, അപേക്ഷകൾ, നിവേദനങ്ങൾ എന്നിവ സമർപ്പിക്കുന്നതിന് വേണ്ട സഹായങ്ങൾക്കായി പ്രത്യേക കൗണ്ടർ തിങ്കൾ മുതൽ കാക്കനാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ പ്രവർത്തനം ആരംഭിക്കും. ജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടക സമിതി ചെയർമാൻ അറിയിച്ചു.

കുന്നത്തുനാട്ടിൽ മിനി മാരത്തൺ

നവകേരള സദസിന്റെ പ്രചാരണത്തിന് പി. വി.ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ മിനി മാരത്തോൺ സംഘടിപ്പിച്ചു. കർഷക തൊഴിലാളി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്തു.

പുതുപ്പനം മുതൽ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് മൈതാനി വരെയായിരുന്നു മാരത്തൺ. ഒൻപതിന് വൈകിട്ട് ആറിന് സെന്റ് പീറ്റേഴ്‌സ് കോളേജ് മൈതാനിയിലാണ് കുന്നത്തുനാട് നിയോജകമണ്ഡലം നവകേരള സദസ്.