
കോലഞ്ചേരി: സ്വന്തം പറമ്പിലെ കാടുകൾ വെട്ടിമാറ്റാതെ അയൽവാസിക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ കാടുവെട്ടിക്കാൻ പഞ്ചായത്തിന് അനുമതി നൽകുന്ന ഉത്തരവായി. സ്വകാര്യ ഭൂമിയിലെ വെട്ടാത്ത കാടുകൾ വെട്ടിക്കും, വെട്ടിയില്ലെങ്കിൽ പഞ്ചായത്ത് പണം സ്ഥല ഉടമയിൽ നിന്ന് ഈടാക്കി വെട്ടിക്കാനാണ് ഉത്തരവ്.
അയൽവാസിയുടെ കാടു കയറി കിടന്ന പറമ്പിൽ നിന്ന് തൃശൂർ ജില്ലയിലെ പൊയ്യ പഞ്ചായത്ത് പരിധിയിൽ മൂന്നു വയസുകാരനായ കുട്ടി മരിച്ച സംഭവത്തെ തുടർന്നാണ് തീരുമാനം. സ്ഥല ഉടമയോട് നിരവധി തവണ അടിക്കാട് വെട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചെയ്തില്ല. പറമ്പ് ഇഴജന്തുക്കളുടെ താവളമായതോടെയാണ് കുട്ടിക്ക് അത്യാഹിതമുണ്ടായത്.
ഇത്തരം സംഭവങ്ങളിൽ വസ്തു ഉടമയ്ക്ക് നോട്ടീസ് നൽകിയിട്ടും തീരുമാനമായില്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറിക്ക് ഉചിതമായ രീതിയിൽ കാട് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാം. ഇതു സംബന്ധിച്ച സർക്കുലർ മുഴുവൻ പഞ്ചായത്തുകളിലുമെത്തി. 1994 ലെ പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 238,239,240 അനുസരിച്ച് നടപടി എടുക്കാനും പൊതുജന സുരക്ഷയെ മുൻനിറുത്തി ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്നുമാണ് നിർദ്ദേശം.
ഗ്രാമീണ മേഖലകളിലാണ് ഇത്തരം പറമ്പുകളുള്ളത്. വീട് അടച്ചു പൂട്ടി ദൂര സ്ഥലങ്ങളിലേക്ക് പോകുന്നവർ, വില്പനക്കായി വാങ്ങിയിട്ട സ്ഥലങ്ങൾ, മനപൂർവ്വം അയൽവാസിക്ക് ഉപദ്രവമുണ്ടാക്കുന്നവരടക്കമുള്ളവർക്കുള്ള താക്കീതാണ് പുതിയ നിർദ്ദേശം. ഇതു സംബന്ധിച്ച് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായതോടെ നിയമം കർശനക്കമാക്കുന്നത്. പറമ്പുകൾ പരിപാലിക്കാതെ ആപത്കരമായി നില്ക്കുന്നത് അനുവദിക്കനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. പഞ്ചായത്ത് രാജ് നിയവും കേരള മുനിസിപ്പൽ നിയമത്തിലും ഇതു സംബന്ധിച്ച നിർദ്ദേശമുണ്ടെങ്കിലും നടപ്പാക്കാറില്ല. അധികാരം ഉപയോഗിച്ചു തന്നെ ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെന്നാണ് കോടതി നിർദ്ദേശം. ഇതേ തുടർന്നാണ് നിയമം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചത്.