കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ കെമിസ്ട്രി വകുപ്പ് കേരള സർക്കാരിന്റെ സഹായത്തോടെ അഡ്വാൻസ്ഡ് മെറ്റീരിയൽസും നാനോടെക്‌നോളജിയും ഹരിതവും സുസ്ഥിരവുമായ ഭാവിക്കവേണ്ടി എന്ന വിഷയത്തിൽ രണ്ട് ദിവസത്തെ ഇന്റർനാഷണൽ കോൺഫറൻസ് സംഘടിപ്പിക്കും. മഹാരാജാസ് കോളേജിലെ ജി.എൻ.ആർ ഹാളിൽ 5,6 തീയതികളിൽ നടക്കുന്ന കോൺഫറൻസിൽ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. അഞ്ചിന് രാവിലെ 10ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദ് കുമാർ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ വി.എസ്. ജോയ് അദ്ധ്യക്ഷത വഹിക്കും. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബെർഗ് യൂണിവേഴ്‌സിറ്റി പ്രൊഫ. ഏകറ്ററിനാ മുറട്ടോവ, ഖത്തർ യൂണിവേഴ്‌സിറ്റി പ്രൊഫ. നയീം മുള്ളുങ്കൽ എന്നിവർ ക്ലാസുകൾ എടുക്കും. ഐസെർ, എൻ.ഐ.ടി, കൊച്ചിൻ യൂണിവേഴ്‌സിറ്റി, ഡി. ആർ.ഡി.ഒ, അമൃത യൂണിവേഴ്‌സിറ്റി, എം.ജി സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള അദ്ധ്യാപകർ, ശാസ്ത്രജ്ഞർ, ഗവേഷകർ എന്നിവർ പങ്കെടുക്കും. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഗവേഷകർ എന്നിവർക്ക് പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ അവസരം ഉണ്ടാകും. മികച്ച പ്രബന്ധാവതരണത്തിന് ക്യാഷ് അവാർഡ് നൽകും. വാർത്താസമ്മേളനത്തിൽ മഹാരാജസ് കോളേജ് കെമിസ്ട്രി വിഭാഗം മേധാവി കെ.എസ്. ഫെമിന, അദ്ധ്യാപകരായ ഡോ. ജൂലി ചന്ദ്ര, ഡോ.ജോളി വി. ജോയ്, ഡോ.അനന്തപദ്മനാഭൻ എന്നിവർ പങ്കെടുത്തു.