കൊച്ചി: വൈദ്യുത റഗുലേറ്ററി കമ്മിഷന്റെ പ്രവർത്തനങ്ങൾ ദുരൂഹമാണെന്ന് ഡൊമസ്റ്റിക് ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ ആരോപിച്ചു. കമ്മിഷൻ കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പിൽ നിന്ന് സംഘടനകളെ ഒഴിവാക്കിയത് ഇതിന് തെളിവാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കമ്മിഷൻ ഏകപക്ഷീയമായി റദ്ദു ചെയ്ത 460 മെഗാവാട്ടിന്റെ കരാർ പുനസ്ഥാപിക്കാനായിരുന്നു തിരുവനന്തപുരത്ത് തെളിവെടുപ്പ് തീരുമാനിച്ചത്. എന്നാൽ തലേ ദിവസം വൈകിട്ട് തെളിവെടുപ്പ് മാറ്റി വച്ചതായി ഇ മെയിൽ വഴി ബന്ധപ്പെട്ട സംഘടനകളെയെല്ലാം അറിയിച്ചശേഷം രഹസ്യമായി തെളിവെടുപ്പ് നടത്തി. എന്നാൽ വിവരം തിരക്കിയ തങ്ങളോട് ക്ലറിക്കൽ മിസ്റ്റേക്കാണെന്ന് പറഞ്ഞ് തടി തപ്പുകയാണ് അധികൃതർ ചെയ്തത്. പഴയ വിലയേക്കാൾ കൂടിയ വിലക്ക് കരാർ ഉറപ്പിക്കാനുള്ള നീക്കമാണിതിന് പിന്നിൽ. കരാർ ഏകപക്ഷീയമായി റദ്ദാക്കിയതിലൂടെ 7 മാസം കൊണ്ട് 7000 കോടിയുടെ നഷ്ടം കെ.എസ്.ഇ.ബി.ക്കുണ്ടായി.ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകിയതായി അസോസിയേഷൻ ഭാരവാഹികളായ എൻ.കെ.ഷാജഹാൻ, ടി.വേണുഗോപാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.