
കൊച്ചി: മട്ടാഞ്ചേരി ടൗൺ ഹാൾ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് കൊച്ചി താലൂക്ക് വികസന സമിതി. ഫോർട്ട്‌കൊച്ചി കാർണിവൽ സമയത്തെ തിരക്ക് ഒഴിവാക്കുന്നതിന് മേഖലയിലുള്ള എല്ലാ സ്‌കൂൾ കോമ്പൗണ്ടുകളിലും പാർക്കിംഗ് അനുവദിക്കുക, തിരക്കുള്ള സമയങ്ങളിൽ വൈപ്പിൻ, ബെൽബോ ജംഗ്ഷനിൽ ട്രാഫിക് പൊലീസിനെ നിയമിക്കുക, ഈ മാസം 22 മുതൽ നടത്തുന്ന ടൂറിസം മേളയുടെ സുഗമമായ നടത്തിപ്പിന് പൊലീസ്, എക്‌സൈസ്, ഫയർഫോഴ്സ് വകുപ്പുകളുടെ സേവനം പ്രയോജനപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങൾ സമിതി ചർച്ച ചെയ്തു. യോഗത്തിൽ കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ലീജാ തോമസ് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി തഹസിൽദാർ സുനിത ജേക്കബ് പങ്കെടുത്തു.