
അങ്കമാലി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് വൻ സ്വീകരണം നൽകുവാൻ അങ്കമാലി സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഏഴിന് രാവിലെ 8.30 ന് കറുകുറ്റി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടത്തുന്ന പ്രഭാത യോഗത്തിൽ 250 ഓളം പേരും 2.30 ന് അങ്കമാലി സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പ്രധാന യോഗത്തിൽ 15000 ത്തിലധികം ആളുകളും പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ജില്ലയിലെ വിവിധ സർക്കാർ വകുപ്പ് മേധാവികൾ ഇവിടെ ഒരുക്കുന്ന 21 കൗണ്ടറുകളിൽ രാവിലെ 11 മണി മുതൽ 2 മണിവരെ ജനങ്ങളുടെ പരാതിയും അപേക്ഷകളും സ്വീകരിക്കും. ഉച്ചയ്ക്ക് 1 മണിമുതൽ മുതൽ 2.30 വരെ പ്രധാന വേദിയിൽ കലാപരിപാടികൾ ഉണ്ടായിരിക്കും. അന്നേദിവസം മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രത്യേകം കെ.എസ്.ആർ.ടി.സി ബസ് സർവീസുകളുണ്ടായിരിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വ. ജോസ് തെറ്റയിൽ, കൺവീനർ അഡ്വ. കെ.കെ. ഷിബു, നോഡൽ ഓഫീസർ തഹസിതാർ സുനിൽ മാത്യു എന്നിവർ അറിയിച്ചു.