മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ സ്വപ്നപദ്ധതിയായ ഒളിമ്പ്യൻ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം നിർമ്മാണം തടസപ്പെടുംവിധം റോഡ് നിർമ്മിക്കാനെടുത്ത തീരുമാനം ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗം റദ്ദ് ചെയ്തു. പ്രതിപക്ഷ നേതാവ് ആർ. രാകേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

സ്റ്റേഡിയത്തിന്റെ സ്ഥലം ഉപയോഗപ്പെടുത്തി റോഡ് നിർമ്മിക്കുന്നതിനെതിരെ കായികപ്രേമികളും യുവജന സംഘടനകളും രംഗത്തുവന്നിരുന്നു. ഇതേതുടർന്ന് പ്രതിപക്ഷ നേതാവ് ആർ. രാകേഷിന്റെ നേതൃത്വത്തിൽ 10 എൽ.ഡി.എഫ് കൗൺസിലർമാരും രണ്ട് ബി.ജെ.പി അംഗങ്ങളും യു.ഡി.എഫിന് പിന്തുണ നൽകുന്ന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ അജി മുണ്ടാട്ടും പ്രമീള ഗിരീഷ് കുമാറും വിഷയം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർമാന് കത്ത് നൽകിയിരുന്നു. യോഗം വിളിക്കാൻ ആവശ്യപ്പെട്ട 14 കൗൺസിലർമാരും റോഡ് നിർമ്മാണ തീരുമാനം പിൻവലിക്കണമെന്ന് ചർച്ചയിൽ ആവശ്യപ്പെട്ടു. ഇതോടെ തീരുമാനം റദ്ദ് ചെയ്തതായി ചെയർമാൻ അറിയിച്ചു. വിഷയത്തിൽ തുടക്കം മുതൽ യു.ഡി.എഫിൽ നിലനിന്ന അഭിപ്രായഭിന്നത ഇന്നലത്തെ യോഗത്തിലും പ്രതിഫലിച്ചു. മുസ്ലിം ലീഗ് അംഗങ്ങളാണ് എതിർപ്പ് അറിയിച്ചത്. കഴിഞ്ഞവർഷം ഡിസംബറിൽ കൂടിയ കൗൺസിൽ യോഗത്തിലാണ് റോഡ് നിർമ്മിക്കാൻ തീരുമാനിച്ചത്. മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപം കേരള സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷന്റെ ഭൂമിയിലേക്ക് സഞ്ചാര സൗകര്യം ഒരുക്കുന്നതിന് റോഡ് നിർമ്മിക്കാനായിരുന്നു തീരുമാനം. തുടർ ചർച്ചകളില്ലാതെയും സ്ഥല നിർണയം നടത്താതെയും റോഡ് നിർമ്മിക്കുന്നതിന് ടെൻഡർ വിളിക്കുകയും ചെയ്തിരുന്നു.