പെരുമ്പാവൂർ: രണ്ട് പതിറ്റാണ്ടിലേറെയായി അടഞ്ഞുകിടക്കുന്ന പെരുമ്പാവൂർ ട്രാവൻകൂർ റയോൺസ് കമ്പനി വളപ്പിലെ ഇഴജന്തുശല്യം പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു.
റയോൺസ് വളപ്പിലെ കെട്ടിടങ്ങൾ പൊളിക്കുന്നതിന് ജെ.സി.ബി ഇറക്കിയതോടെയാണ് ഇഴജന്തുക്കൾ തലപൊക്കിയത്. സമീപത്തെ വീടുകളിലും പരിസരപ്രദേശങ്ങളിലും പകൽ സമയങ്ങളിൽ പോലും ഇഴജന്തുക്കൾ വിഹരിക്കുകയാണ്. ഇതിനോടകം മൂന്നു മലമ്പാമ്പുകളെ നാട്ടുകാർ വീടുകളിൽ നിന്ന് പിടികൂടി ഫോറസ്റ്റ് അധികൃതരെ ഏൽപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ട്യൂഷൻ കഴിഞ്ഞു മടങ്ങിയ വിദ്യാർത്ഥികൾ റോഡിനു കുറുകെ പോയ പെരുമ്പാമ്പിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പലതവണ രാജവെമ്പാലയെ കണ്ടതായി ജെ.സി.ബി. ഓപ്പറേറ്റർമാർ പറഞ്ഞു. ഇഴജന്തുക്കളിൽ നിന്ന് സംരക്ഷണം നൽകണമെന്നും റയോൺസ് കോമ്പൗണ്ടിലെ നിർമ്മിതികൾ പൊളിച്ചു നീക്കുന്നത് തത്കാലം നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സേവ് വല്ലം ജനകീയ കൂട്ടായ്മ ഭാരവാഹികൾ അധികൃതർക്കു നിവേദനം നൽകി.