padam

കൊച്ചി: ടെക് ഫെസ്റ്റായ 'ഫിജിനിസിൽ' ആരും കുറ്റംപറയാത്ത മാതൃക അവതരിപ്പിക്കണം. അത് പ്രിയ ഗുരുനാഥന്റെ ഹൃദയം കീഴടക്കുന്ന ഒന്നായിരിക്കണം. കടയിരിപ്പ് ശ്രീനാരായണ ഗുരുകുലം കോളേജ് ഒഫ് എൻജിനിയറിംഗിലെ നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗ് എൻജിനിയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥി സംഘം വൈ.ഫൈയിൽ പ്രവർത്തിക്കുന്ന യുദ്ധക്കപ്പൽ മാതൃക നിർമ്മിച്ച് നീറ്റിലി​റക്കിയപ്പോൾ ഇത്രമാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ. എന്നാൽ ഫെസ്റ്റിലെ തന്നെ താരമായി മാറി കുഞ്ഞൻ യുദ്ധക്കപ്പൽ.

റിട്ട. നാവിക ഉദ്യോഗസ്ഥനായ ഡോ.സുനിൽ കുമാറാണ് നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗ് എൻജിനിയറിംഗിന്റെ മേധാവി. അദ്ദേഹത്തിന് ഗുരുദക്ഷിണയെന്ന പോലെയാണ് മൂന്നാംവർഷ വിദ്യാർത്ഥികളായ ആര്യൻ, ഡേവിസ്, രാംജിത്ത്, ഗണേഷ്, അക്ഷിത്, ആകാശ്, ദേവൻ, ഗോവിന്ദ്, ജസ്റ്റിൻ, കാർത്തിക്, ആശിഷ് എന്നിവർ ചേർന്ന് യുദ്ധക്കപ്പൽ തന്നെ നിർമ്മിക്കാൻ തീരുമാനിച്ചത്. ഹോസ്റ്റൽ അന്തേവാസികളായ 11 പേരും രണ്ടാഴ്ച കൊണ്ടാണ് പണിപൂർത്തിയാക്കി കപ്പൽ നീറ്റിലിറക്കിയത്.

കോളേജിന് കൈമാറിയ യുദ്ധക്കപ്പൽ വരുന്ന സ്റ്റേറ്റ് യൂണിവേഴ്സിറ്റ് ഫെസ്റ്റിന് അവതരിപ്പിക്കാനും തയ്യാറെടപ്പിലാണ് വിദ്യാർത്ഥി സംഘം.

.........................................

പ്രത്യേക തരം ഫോമിലാണ് ബോഡി നിർമ്മിച്ചത്. പ്രൊപ്പല്ലറിനായി എക്‌സോസ്റ്റ് ഫാനിന്റെ മോട്ടോറും 12 വോൾട്ട് ബാറ്ററിയും ഉപയോഗിച്ചു. പഠിക്കുന്ന വിഷയമായതിനാൽ കപ്പലിന്റെ ബോഡി നിർമ്മിക്കാനും മറ്റും അധി​കം ബുദ്ധിമുട്ടേണ്ടിവന്നില്ല. ക്ലാസ് കഴിഞ്ഞുള്ള സമയം ഉപയോഗപ്പെടുത്തിയതിനാലാണ് ഇത്രം ദിവസം എടുക്കേണ്ടിവന്നത് .

ആര്യൻ , ടീം ലീഡർ

............................

ചെലവ് 8,000 രൂപ
കപ്പൽ നിർമ്മിക്കാൻ ആകെ 8000 രൂപയാണ് വിദ്യാർത്ഥി സംഘത്തിന് ചെലവായത്. ബോഡി നിർമ്മിക്കാൻ 5,000 രൂപയും സ്വിമ്മിംഗ് പൂൾ മാതൃകയ്ക്ക് 3,000 രൂപയും. നിരവധി ഇന്ത്യൻ യുദ്ധക്കപ്പലുകളുടെ ചിത്രങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച്, ഇതിൽ നിന്ന് കപ്പലിന്റെ മാതൃക വരച്ചെടുത്തായി​രുന്നു നി​ർമ്മാണം.