ആലുവ: കടുങ്ങല്ലൂർ പഞ്ചായത്ത് പൊതുശ്മശാനം തുറക്കാതാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഇതിന് പിന്നിൽ രാഷ്ട്രീയമുതലെടുപ്പാണെന്നും പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ആരോപിച്ചു. 2017ൽ മുൻ ഭരണസമിതി സ്ഥാപിച്ച എടയാർ ശാന്തിതീരം ശ്മശാനത്തിലെ യന്ത്രസാമഗ്രികൾ അടിക്കടി തകരാറിലാകുകയാണെന്നും രാഷ്ട്രീയം കളിക്കുന്നവരെ ജനം തിരിച്ചറിഞ്ഞോളുമെന്നും പ്രസിഡന്റ് പറഞ്ഞു.

കഴിഞ്ഞ ദിവസം പഞ്ചായത്ത് അറ്റകുറ്റപ്പണിക്ക് ശേഷം ശ്മശാനം തുറന്നുവെന്ന് അറിയിച്ചതിനെ തുടർന്ന് നാട്ടുകാരനായ ഒരാളുടെ മൃതദേഹം സംസ്കരിക്കാൻ എത്തിച്ചെങ്കിലും നടന്നില്ല. ഇതേതുടർന്ന് സമീപ പഞ്ചായത്തുകളിലെ ശ്മശാനങ്ങളിൽ സംസ്കാരത്തിനായി മൃതദേഹവുമായി അലയേണ്ടിവന്നു. ഇതിനെതിരെ പ്രതിപക്ഷം പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് പ്രത്യക്ഷ സമരം നടത്തിയ സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ വിശദീകരണം.

2020ൽ ചുമതലയേറ്റടുത്ത പുതിയ ഭരണസമിതി ശ്മശാനത്തിലെ യന്ത്രത്തകരാറുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പുതിയ ക്രിമറ്റോറിയം പണികളും ആരംഭിച്ചു. ഇതിനിടെ പഴയ ശ്മശാനത്തിന്റെ കേടുപാടുകൾ പരിഹരിക്കാനും നടപടിയെടുത്തു. സർക്കാർ പണം ചെലവഴിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് കാലതാമസം വരുത്തുന്നത്. ഇക്കാര്യങ്ങൾ എല്ലാ മെമ്പർമാർക്കും അറിയാം. ശ്മശാന പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കാൻ പ്രതിപക്ഷ നേതാവ് വി.കെ. ശിവൻ അദ്ധ്യക്ഷനായി സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ ചുമതല നിർവഹിക്കാതെ വി.കെ. ശിവൻ അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞു. വസ്തുതകൾ ഇതായിരിക്കെയാണ് പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതെന്നും സുരേഷ് മുട്ടത്തിൽ ആരോപിച്ചു.