പെരുമ്പാവൂർ: വേങ്ങൂർ, കൂവപ്പടി പഞ്ചായത്തുകളിലെ കാട്ടാനശല്യം പരിഹരിക്കുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ആലുവ പോഞ്ഞാശേരി റോഡ് നിർമ്മാണം വേഗത്തിലാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം ഉയർന്നു. വല്ലം ഭാഗത്ത് പി.ഡബ്ല്യു.ഡി. റോഡ് കച്ചവടക്കാർ കൈയേറിയതും ബസുകൾ ജംഗ്ഷനിൽ നിർത്തുന്നതും കാരണമുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ടായി.
എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എൽദോ മോസസ്, മനോജ് മൂത്തേടൻ, ശാരദ മോഹൻ, ലിസി അലക്‌സ്, ശില്പ സുധീഷ്, എൻ.പി. അജയകുമാർ, ഗോപാലകൃഷ്ണൻ. സോണിയ മുരുകേശൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.