കൊച്ചി: ഇന്ത്യൻ തീരത്ത് കടലിൽ നിന്നുള്ള വെല്ലുവിളികൾ ശക്തമാണെന്നും അവയെ നേരിടാൻ നാവികസേന സജ്ജമാണെന്നും ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എം.എ. ഹംപിഹോളി പറഞ്ഞു. ചൈനീസ് കപ്പലുകൾ സമുദ്രാതിർത്തി ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. വിവരം അതത് സമയത്ത് വിവിധ സേനാ വിഭാഗങ്ങൾക്ക് കൈമാറി തീരസുരക്ഷ ഉറപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഈ മാസം 31 ന് വിരമിക്കുന്ന വൈസ് അഡ്മിറൽ ഹംപിഹോളി നാവികദിനാചരണത്തിന്റെ ഭാഗമായി പടക്കപ്പലായ ഐ.എൻ.എസ്. തീറിൽ വാർത്താസമ്മേളനം നടത്തുകയായിരുന്നു.
തീര സംരക്ഷണ സേന, പൊലീസ്, കടലിനെ അറിയുന്ന മീൻ പിടുത്തക്കാർ എന്നിവരുമായി നാവികസേന നിരന്തരം ബന്ധം പുലർത്തുന്നുണ്ട്. 17 കപ്പലുകളാണ് ദക്ഷിണ നാവികകമാൻഡിനുള്ളത്. ഐ.എൻ.എസ്. വിക്രാന്ത് കൂടി ചേർന്നതോടെ സേനയുടെ പിൻബലം ഇരട്ടിയായി. അന്താരാഷ്ട്ര മയക്കുമരുന്നുലോബികളുടെ ലഹരി കടത്തൽ തടയാൻ കഴിഞ്ഞത് നേട്ടമായി. തീര സുരക്ഷയിൽ നൂറുശതമാനം വിജയമാണെന്ന് അവകാശവാദമില്ല. പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ സേന സദാസമയവും ജാഗ്രതയിലാണ്.
അഗ്നിവീർ പദ്ധതിക്കു വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കേരളത്തിൽ നിന്നും ദക്ഷിണേന്ത്യയിൽ നിന്നും യുവാക്കളുടെ വലിയ പ്രവാഹമാണ്. അഗ്നിവീർ വനിതകളുടെ മൂന്ന് ബാച്ചുകൾക്ക് ഇപ്പോൾ പരിശീലനം നടന്നുവരികയാണ്. ഇതിൽ ആദ്യ ബാച്ചിന്റെ പരിശീലനം ഉടൻ പൂർത്തിയാക്കും.
മത്സ്യത്തൊഴിലാഴികൾക്കും നേവി വിദഗ്ധ പരിശീലനം നൽകുമെന്ന് ഹംപിഹോളി അറിയിച്ചു .