
കോലഞ്ചേരി: ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതികളിൽ പ്രതിപക്ഷ അംഗങ്ങളെയും ഉൾപ്പെടുത്താൻ സർക്കാർ ഉത്തരവ്. മഴുവന്നൂർ പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ നൽകിയ പരാതിയിലാണിത്. കുന്നത്തുനാട്ടിൽ ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ ആസൂത്രണ സമിതികളിൽ നിന്ന് പ്രതിപക്ഷ അംഗങ്ങളെയും പ്രതിനിധികളെയും ഒഴിവാക്കിയതാണ് പരാതിക്ക് ആധാരം.
ഈ പഞ്ചായത്തുകളിൽ ആസൂത്രണസമിതി വൈസ് ചെയർമാനായി ട്വന്റി 20 ചീഫ് കോഓർഡിനേറ്റർ സാബു എം. ജേക്കബിനെയാണ് തീരുമാനിച്ചിരുന്നത്.
ആസൂത്രണ സമിതി വൈസ് ചെയർമാനായി നിയമിക്കപ്പെടുന്നയാൾ ഒന്നിലധികം പഞ്ചായത്തുകളിൽ വൈസ് ചെയർമാനായോ അംഗമായോ ചുമതല വഹിക്കരുതെന്നും ഉത്തരവിലുണ്ട്. ആസൂത്രണ സമിതികളിൽ വിദഗ്ദ്ധരെ നിയമിക്കുമ്പോൾ പുറത്തുനിന്ന് പരമാവധി 15 ശതമാനം പേരെ മാത്രമേ ഉൾപ്പെടുത്താവൂ എന്നും അഡിഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. തീരുമാനം നടപ്പാക്കേണ്ടത് പഞ്ചായത്ത് സെക്രട്ടറിമാരാണ്. ഇക്കാര്യം ഡെപ്യൂട്ടി ഡയറക്ടർമാർ പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്.
ജലജീവൻ മിഷന് 328 കോടി അനുവദിച്ചു
തിരുവനന്തപുരം:അടുത്ത വർഷത്തോടെ ഗ്രാമീണമേഖലയിൽ എല്ലാവർക്കും കുടിവെള്ളമെത്തിക്കാനുള്ള കേന്ദ്ര-സംസ്ഥാന പദ്ധതിയായ ജലജീവൻ മിഷനായി 327.76 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ഇതോടെ ഇതിനായി രണ്ടുവർഷത്തിനുള്ളിൽ സംസ്ഥാനം അനുവദിച്ച തുക 2824 കോടി രൂപയായി. കഴിഞ്ഞ വർഷം 1616കോടിയാണ് നൽകിയത്. പദ്ധതി അടുത്തവർഷം പൂർത്തിയാകും.വാട്ടർ അതോറിറ്റിയാണ് നടപ്പാക്കുന്നത്.