ആലുവ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് ആലുവയിൽ പൊലീസിന്റെ നേതൃത്വത്തിൽ സുരക്ഷ ഒരുക്കുന്നതിനെതിരെ വ്യാജപ്രചാരണങ്ങൾ നടക്കുന്നതായി സംഘാടക സമിതി ചെയർമാൻ വി. സലിം ആരോപിച്ചു.
നവകേരള സദസിന് വേദിയൊരുക്കുന്നത് ആലുവ മുനിസിപ്പൽ ബസ് സ്റ്റാൻഡിലാണ്. പരിപാടിയിലെ ജനപങ്കാളിത്തവും സുരക്ഷയും കണക്കിലെടുത്ത് സ്റ്റാൻഡിന് അകത്ത് പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളിൽ മാത്രമാണ് പാചക വാതകം ഉപയോഗിക്കുന്നതിന് നിയന്ത്രണമുള്ളത്. കളമശേരി കൺവൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനവും കുസാറ്റിലെ അപകടത്തിന്റെയും പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയ്ക്കാണ് ആലുവയിൽ സുരക്ഷ ശക്തമാക്കിയത്.
അന്യസംസ്ഥാന തൊഴിലാളികൾ അടക്കം വേദിയോട് ചേർന്നുള്ള കടകളിൽ ജോലി ചെയ്യുന്നുണ്ട്. ഇവർ ഉൾപ്പെടെ കച്ചവടം നടത്തുന്നവരെ തിരിച്ചറിയുന്നതിനാണ് തിരിച്ചറിയൽ കാർഡ് കൈപ്പറ്റണമെന്ന് അറിയിച്ചത്. ഏഴാം തീയതി നടക്കുന്ന പരിപാടിയായിട്ടും മുൻകൂട്ടി അറിയിച്ചത് കച്ചവടക്കാർക്ക് കരുതൽ എടുക്കുന്നതിനാണ്. സുരക്ഷയ്ക്കായി സാധാരണ കൈക്കൊള്ളുന്ന നടപടിക്രമങ്ങളാണെന്ന് പൊലീസ് അറിയിച്ചിട്ടും വ്യാജ പ്രചാരണം തുടരുകയാണെന്നും വി. സലിം ആരോപിച്ചു.