കൊച്ചി: സംസ്ഥാന സർക്കാർ ഭരണം സമ്പൂർണ പരാജയമാണെന്നും നവകേരള സദസ് ധൂർത്താണെന്നും കെ. മുരളീധരൻ എം.പി പറഞ്ഞു.
സർക്കാരിനെതിരെ കുറ്റപത്രം സമർപ്പിച്ച് യു.ഡി.എഫ് സംഘടിപ്പിക്കുന്ന വിചാരണ സദസുകളുടെ ജില്ലാതല ഉദ്ഘാടനം കളമശേരിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേമ പെൻഷന് വേണ്ടി നിർദ്ധനർ പിച്ചച്ചട്ടി എടുക്കേണ്ട ഗതികേടിലായി. ലൈഫ് മിഷൻ പദ്ധതിയുടെ ജീവൻ നഷ്ടപ്പെട്ടു. ജനകീയ ഹോട്ടൽ അടച്ചുപൂട്ടി. നടത്തിയിരുന്ന കുടുംബശ്രീ പ്രവർത്തകർ കടക്കെണിയിലായി. ഉന്നത വിദ്യാഭ്യാസ മേഖല നാഥനില്ലാ കളരിയായെന്നും കെ. മുരളീധരൻ കുറ്റപ്പെടുത്തി.
ജില്ല ചെയർമാൻ ഡോമിനിക് പ്രസന്റേഷൻ അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് തറയിൽ കുറ്റപത്രം സമർപ്പിച്ചു.
ശേഷിക്കുന്ന 13 നിയോജകമണ്ഡലം കേന്ദ്രങ്ങളിലും 23ന് മുൻപ് വിചാരണ സദസുകൾ നടക്കും.