ആലുവ: ശ്രീമൂലനഗരം പഞ്ചായത്തിലെ തൂമ്പാക്കടവ് ചാച്ചാജി അങ്കണവാടിക്ക് ചുറ്റുമതിലും ഗേറ്റും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇരുപതോളം കുട്ടികളാണ് അങ്കണവാടിയിൽ പഠിക്കുന്നത്.
തിരക്കേറിയ കാലടി - ആലുവ പൊതുമരാമത്ത് റോഡിനോട് ചേർന്ന അങ്കണവാടിക്ക് ചുറ്റുമതിലില്ലാത്തത് അപകഭീതിയുയർത്തുകയാണ്. അങ്കണവാടിയുടെ മുൻവശം എപ്പോഴും വലിയ വാഹനങ്ങൾ സഞ്ചരിക്കുന്ന തിരക്കേറിയ റോഡാണ്. മുൻവാതിൽ അടച്ചാണ് നിലവിൽ അങ്കണവാടി പ്രവർത്തിക്കുന്നത്. പുതുതായി വരുന്ന കുട്ടികൾ രക്ഷിതാക്കളുടെ പിന്നാലെ ഓടിപ്പോകുന്ന സാഹചര്യമുണ്ടാകാറുണ്ട്. ജീവനക്കാർ അതീവ ശ്രദ്ധപുലർത്തിയില്ലെങ്കിൽ അപകടത്തിന് വഴിതെളിക്കും. സർക്കാർ നിർദ്ദേശമനുസരിച്ച് ബഹുഭൂരിഭാഗം അങ്കണവാടികളും ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ച് സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിലും തൂമ്പാത്തോടിൽ ഇത്തരം ക്രമീകരണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല.