കൊച്ചി: മുൻ സർക്കാർ പ്ലീഡർ പി.ജി. മനു പ്രതിയായ പീഡനക്കേസ് പ്രത്യേകസംഘം അന്വേഷിക്കും. പുത്തൻകുരിശ് ഡിവൈ.എസ്.പി ടി.ബി. വിജയാണ് അന്വേഷണ ചുമതല. നിയമസഹായം ചോദിച്ചെത്തിയ യുവതിയെ പി.ജി മനു ഓഫീസിലും വീട്ടിലും വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. സംഭവശേഷം ഒളിവിൽപ്പോയ മനു മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം നൽകിയിരുന്നു. പരാതി കെട്ടിച്ചമച്ചതാണെന്നും പിന്നിൽ തൊഴിൽമേഖലയിലെ ശത്രുക്കളാണെന്നും ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആലുവ റൂറൽ എസ്.പി പ്രത്യേക അന്വേഷണത്തെ നിയോഗിച്ചത്.
പ്രത്യേക അന്വേഷണ സംഘത്തിൽ ചോറ്റാനിക്കര എസ്.എച്ച്.ഒ അടക്കം 6 പേരാണുള്ളത്.
യുവതി നൽകിയ പരാതിയിൽ ചോറ്റാനിക്കര പൊലീസ് പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ഐ.ടി ആക്ട എന്നിവ ചുമത്തി കേസെടുത്തു. കഴിഞ്ഞദിവസം പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.
2018ൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ ഇരയായ യുവതിയെ സഹായിച്ചിരുന്ന അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ എ.എസ്.ഐ വഴിയാണ് ഇവർ മുൻ ഗവ. പ്ലീഡർക്ക് മുന്നിലെത്തുന്നത്. ബന്ധപ്പെട്ട നിയമസഹായം വാഗ്ദാനം ചെയ്ത് പ്രതി കേസുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനെന്നു പറഞ്ഞ് കടവന്ത്രയിലെ ഓഫീസിൽ വിളിച്ചുവരുത്തിയും വീട്ടിൽവച്ചും പീഡിപ്പിച്ചെന്നാണ്പരാതിയിൽ പറയുന്നത്. പീഡനവിവരം യുവതി ആദ്യം അമ്മയെയാണ് അറിയിച്ചത്. പിന്നീട് ആലുവ റൂറൽ എസ്.പിക്ക് നൽകിയ പരാതി ചോറ്റാനിക്കര പൊലീസിന് കൈമാറുകയായിരുന്നു.