
കൊച്ചി: കാലിക്കറ്റ് സർവകലാശാലാ സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്യാൻ വി.സി നൽകിയ പട്ടികയിൽ നിന്ന് ചിലരെ ഒഴിവാക്കി മറ്റു ചിലരെ ഉൾപ്പെടുത്തിയ ചാൻസലർ കൂടിയായ ഗവർണറുടെ നടപടിക്കെതിരെയുള്ള ഹർജിയിൽ ചാൻസലർക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. വി.സിയുടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട മാദ്ധ്യമ പ്രവർത്തകൻ പി.വി. കുട്ടൻ, വ്യവസായി ദാമോദർ അവനൂർ എന്നിവരുടെ ഹർജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ നിർദ്ദേശം. ഹർജി 14ന് വീണ്ടും പരിഗണിക്കും. പി.വി. കുട്ടനെയും ദാമോദർ അവനൂരിനെയും ഒഴിവാക്കി സ്വകാര്യ ജേർണലിസം കോളേജ് ഡയറക്ടറും ബി.ജെ.പി പ്രവർത്തകനുമായ എ.കെ. അനുരാജ്, കോൺഗ്രസ് മലപ്പുറം ബ്ളോക്ക് വൈസ് പ്രസിഡന്റ് ടി.ജെ. മാർട്ടിൻ എന്നിവരെ ഉൾപ്പെടുത്തിയെന്ന് ഹർജിയിൽ പറയുന്നു. സെനറ്റിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ചാൻസലർ സർക്കാരിനോട് പട്ടിക ആവശ്യപ്പെടുകയും സർക്കാർ വി.സി മുഖേന നൽകുന്ന പട്ടിക ചാൻസലർ അംഗീകരിക്കുകയുമാണ് പതിവ്. ഇതിനു വിപരീതമായി ചാൻസലർ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിച്ചെന്ന് ഹർജിക്കാർ ആരോപിക്കുന്നു.
കാർഷിക സർവകലാശാല നൂതന കോഴ്സുകൾക്ക് മികച്ച പ്രതികരണം
തിരുവനന്തപുരം:കാർഷിക സർവകലാശാല ആരംഭിക്കുന്ന കൃഷി അനുബന്ധ വിഷയങ്ങളിലുള്ള നൂതന കോഴ്സുകൾക്ക് വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണം.അനിമൽ സയൻസ്, വൈൽഡ് ലൈഫ് മാനേജ്മെന്റ്, ഇന്റഗ്രേറ്റഡ് മൈക്രോ ബയോളജി, ഫുഡ് ഇൻഡസ്ട്രി മാനേജ്മെന്റ്, ഇന്റഗ്രേറ്റഡ് ഫാം മാനേജ്മെന്റ്, ഡെവലപ്മെന്റൽ ഇക്ണോമിക്സ് തുടങ്ങി കോഴ്സുകൾക്കാണ് അപേക്ഷകർ കൂടുതൽ.കാർഷിക സർവകലാശാല നടത്തിവരുന്ന സ്വാശ്രയ കോഴ്സായ കൃഷി ഡിപ്ലോമ പുതിയ ബാച്ച് കായംകുളത്ത് ആരംഭിച്ചു.കുമരകത്ത് ആരംഭിക്കുന്ന കാർഷിക ബിരുദ കോഴ്സിനും നല്ല പ്രതികരണമാണ്. കുറഞ്ഞ ഫീസ് ഘടനയും സർവകലാശാല നേരിട്ട് നടത്തുന്നു എന്നതുമാണ് പ്രത്യേകത. ഓൺലൈൻ അപേക്ഷകളുടെ പരിശോധന തുടങ്ങിയെന്നും പ്രവേശന നടപടികൾ ഉടൻ പൂർത്തീകരിക്കുമെന്നും സർവകലാശാല അറിയിച്ചു.