kannur-vc-dr-bijoy

കൊച്ചി: ജലത്തിൽവരച്ച വരപോലെയെന്ന് ചൊല്ലുണ്ടെങ്കിലും കണ്ണൂർ യൂണിവേഴ്സിറ്റിയിലെ പുതിയ വൈസ് ചാൻസലറുടെ നാമം ശാസ്ത്രലോകം കടലിൽ കുറിച്ചിട്ടിട്ടുണ്ട്. രണ്ടു ജീവികളുടെ രൂപത്തിൽ. ഡോ. എസ്. ബിജോയ് നന്ദൻ എന്ന പേരിലെ ബിജോയ് പുതുതായി കണ്ടെത്തിയ ഞണ്ടിന്റെ പേരിനൊപ്പം ചേർത്തപ്പോൾ, കക്കയോട് സാമ്യമുള്ള ആഴക്കടൽ ജീവിയായ സൈലോഫാഗയ്ക്ക് നന്ദാനിയെന്നും ചേർത്തു. കഴിഞ്ഞ വർഷമാണ് ഇവയെ കണ്ടെത്തിയതും ഈ പേരുകൾ ചാർത്തിയതും.

ലോകത്ത് ആദ്യമായി ഈ കുഞ്ഞൻ ഞണ്ടിനെ കണ്ടെത്തിയത് കൊച്ചി കായലിലാണെന്നത് മറ്റൊരു കൗതുകം. അതിനിട്ട പേരാണ് അനിപ്തുംനസ് ബിജോയി. 'ബിജോയ്സ് ക്രാബ്' എന്ന വിളിപ്പേരും നൽകി.

കൊച്ചിയിലെ സ്കൂൾ ഒഫ് മറൈൻ സയൻസസിലെ ഗവേഷക‌ർ ബ്രസീലിയൻ ഗവേഷകരുടെ സഹകരണത്തോടെ അറബിക്കടലിൽ കാർവാറിന് സമീപമാണ് സൈലോഫാഗയുടെ പുതിയ ഇനം കണ്ടെത്തിയത്. മറൈൻ ബയോളജി ഗവേഷകനായ ഡോ. ബിജോയ് നന്ദന്റെ മാതൃസ്ഥാപനമാണ് സ്കൂൾ ഒഫ് മറൈൻ സയൻസസ്. മാർഗദർശിയായ ഡോ. ബിജോയോടുള്ള ആദരമായി അദ്ദേഹത്തിന്റെ പേരിന്റെ ഭാഗം ചേ‌ർത്ത് ഈ ജീവികളെ നാമകരണം ചെയ്യുകയായിരുന്നു.

 സൈലോഫാഗ നന്ദാനി

സൈലോഫാഗ ആഴക്കടലിലെ മരത്തടികൾ കാർന്നുതിന്നാണ് ജീവിക്കുന്നത്. മൂന്നോ നാലോ ഇഞ്ച് നീളം വരുന്ന ഇവ കപ്പൽത്തടികളും തുളയ്ക്കുന്നതായി കണ്ടെത്തി. 7,000 മീറ്റ‌ർ ആഴത്തിൽ വരെ ഇവയുടെ സാന്നിദ്ധ്യമുണ്ട്. ഗവേഷണം കഴിഞ്ഞവ‌ർഷം 'മറൈൻ ബയോഡൈവേഴ്സിറ്റി' ജേർണൽ സാക്ഷ്യപ്പെടുത്തി.

 അനിപ്തുംനസ് ബിജോയി

ലോകത്ത് ഈ വംശാവലിയിൽ അഞ്ചിനം ഞണ്ടുകൾ മാത്രം. കണ്ടൽക്കാടുകൾക്കിടയിലാണ് വാസം. കണ്ടെത്തൽ 'സൂടാക്സ' എന്ന ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ചു.

'സാദ്ധ്യതാ പഠനങ്ങൾക്കിടയിലാണ് പല ഇനങ്ങളെയും കണ്ടെത്തുന്നത്. ദോഷകരമായ ഹരിതഗൃഹ വാതകങ്ങളെയടക്കം പ്രതിരോധിക്കുന്നതിൽ ഇത്തരം ചെറുജീവികൾക്ക് സുപ്രധാന പങ്കുണ്ട്".

- ഡോ. ബിജോയ് നന്ദൻ