v-r-krishnayyar

കൊച്ചി: കേരളത്തിലെ ആദ്യ നിയമമന്ത്രിയും സുപ്രീംകോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ സ്മരണ നിലനിറുത്താൻ പ്രഖ്യാപിച്ച പദ്ധതികൾ അദ്ദേഹത്തിന്റെ ഒൻപതാം ചരമവാർഷിക ദിനത്തിലും യാഥാർത്ഥ്യമായില്ല. 2014 ഡിസംബർ നാലിന് അന്തരിച്ച അദ്ദേഹത്തിന്റെ വസതി നിയമ പഠന-ഗവേഷണകേന്ദ്രമാക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ ഒരുകോടി രൂപ വകയിരുത്തിയെങ്കിലും തുടർനടപടികളുണ്ടായില്ല. വിമർശനങ്ങൾ ഉയർന്നപ്പോൾ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തിയതാണ് ഏകനീക്കം.

സാമ്പത്തിക പരാധീനതയാണ് സർക്കാരിനു മുന്നിലുള്ള തടസമെന്നാണ് സൂചന. കൃഷ്ണയ്യരുടെ രണ്ടു മക്കളിൽ ചെന്നൈയിലുള്ള മകന്റെ നിയന്ത്രണത്തിലാണ് വീട്. അമേരിക്കയിലായിരുന്ന മകൻ ജീവിച്ചിരിപ്പില്ല. കൊച്ചി എം.ജി റോഡിൽ കെ.പി.സി.സി ജംഗ്ഷന് സമീപമുള്ള ' സദ്ഗമയ" വീടിനും സ്ഥലത്തിനും നിലവിലെ മാർക്കറ്റ് വില കണക്കാക്കിയാൽ കോടികൾ നല്കേണ്ടിവരും. ലോകമറിയുന്ന നിയമപണ്ഡിതനെന്ന നിലയ്ക്ക് അദ്ദേഹത്തിന് ഏറ്റവും ഉചിതമായ സ്മാരകം നിർമ്മിക്കാൻ കുറഞ്ഞവിലയ്ക്ക് കിട്ടാതെ പദ്ധതി യാഥാർത്ഥ്യമാകാനിടയില്ല. സ്‌മാരകങ്ങൾ യാഥാർത്ഥ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് അഭ്യർത്ഥിച്ചു.

ചത്വരം പദ്ധതിക്കും വഴിമുടങ്ങി
ഹൈക്കോടതിക്കു മുന്നിൽ കൃഷ്ണയ്യരുടെ പേരിൽ ചത്വരം (കൃഷ്ണയ്യർ സ്‌ക്വയർ) നിർമ്മിക്കാനുള്ള കൊച്ചി കോർപ്പറേഷന്റെ പദ്ധതിയും നടപ്പായിട്ടില്ല. നിർമ്മാണത്തിനായി ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം തടസപ്പെടുത്തേണ്ടിവരുമെന്നതാണ് പ്രധാന വെല്ലുവിളിയെന്ന് മേയർ അഡ്വ. എം.അനിൽകുമാർ പറഞ്ഞു. ഹൈക്കോടതിയിലേക്കുള്ള വാഹനങ്ങൾ വന്നുപോകുന്ന ഏറ്റവും തിരക്കേറിയ മേഖലയാണിത്. പകരം സംവിധാനമുണ്ടാക്കി വൈകാതെ നിർമ്മാണ പ്രവർത്തനം തുടങ്ങുമെന്നും പറഞ്ഞു.

ഗതാഗത തടസമുണ്ടാകാത്ത വിധമുള്ള പുതിയ രൂപരേഖ തയ്യാറാക്കാമെന്ന് കൃഷ്ണയ്യർ സ്‌ക്വയർ രൂപകല്പന ചെയ്ത പ്രമുഖ ആർകിടെക്ട് കെ.ടി.രവീന്ദ്രൻ സമ്മതിച്ചിട്ടുണ്ട്.

മേയർ അഡ്വ. എം.അനിൽകുമാർ

ജസ്റ്റിസ് കൃഷ്ണയ്യരുടെ കോടതിവിധികൾ ലോകമെങ്ങുമുള്ള ലാ സ്കൂളുകളിലെ പഠന വിഷയമാണ് അദ്ദേഹത്തിന്റെ പേരിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കണം.

ഡോ. എൻ.കെ. സനിൽകുമാർ

ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ്