
കൊച്ചി: പൊലീസിന് കൊച്ചി നിരീക്ഷിക്കാൻ സി.സി.ടിവി ക്യാമറകൾ ഇല്ലെന്ന ആക്ഷേപകങ്ങൾക്ക് ഒടുവിൽ പരിഹാരം. കൊച്ചി മെട്രോ, സി.എസ്.എം.എൽ, വിവിധ റെസിഡന്റ്സ് അസോസിയേഷൻ, ഫ്ളാറ്റുകൾ, അപ്പാർട്ട്മെന്റുകൾ എന്നിവ സ്ഥാപിച്ച ക്യാമറകളും കൺട്രോൾ റൂമിലിരുന്നു പരിശോധിക്കാം. ഇതിനുള്ള സജീകരണങ്ങൾ പൂർത്തിയായി.
വാക്കേറ്രം മുതൽ കൊലപാതകങ്ങൾ വരെയുള്ള കുറ്റകൃത്യങ്ങളിൽ പ്രതികളിലേക്ക് പൊലീസിനെത്താനുള്ള കച്ചിത്തുരുമ്പാണിപ്പോൾ സി.സി ടിവി ദൃശ്യങ്ങൾ. സി.സി ടിവി ദൃശ്യങ്ങളുടെ അപര്യാപ്തത പല കേസന്വേഷണത്തെയും പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് നിരീക്ഷണ ക്യാമറകൾ ഏകോപിപ്പിക്കാൻ തീരുമാനിച്ചത്.
നഗരത്തിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് റെസിഡന്റ്സ് അസോസിയേഷനുകൾ. സ്വന്തംനിലയിലും തദ്ദേശസ്ഥാപനങ്ങളുടെയും സഹായത്തോടെയും പാലാരിവട്ടം, ചളിക്കവട്ടം, പൊന്നുരുന്നി മേഖലകളിൽ പദ്ധതി തുടക്കമിട്ടുകഴിഞ്ഞു.
ഇവിടം നിരീക്ഷണത്തിലാണ്
തേവര, പള്ളിമുക്ക്, വളഞ്ഞമ്പലം, കടവന്ത്ര, ജോസ് ജംഗ്ഷൻ, ഡി.സി.സി ജംഗ്ഷൻ, സൗത്ത് റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, താലൂക്ക് ഓഫീസ്, മേനക ജംഗ്ഷൻ, ഹൈക്കോട് ജംഗ്ഷൻ, കച്ചേരിപ്പടി, ടൗൺഹാൾ, ജഡ്ജസ് അവന്യു, മാധവ ഫാർമസി, നോർത്ത് റെയിൽവെ സ്റ്റേഷൻ, കലൂർ റെയിൽവെ സ്റ്റേഷൻ, തേവര പൊലീസ് സ്റ്റേഷൻ, നെഹ്റു സ്റ്റേഡിയം, പാലാരിവട്ടം ജംഗ്ഷൻ, ഇടപ്പള്ളി ജംഗ്ഷൻ, എൻ.എച്ച് ബൈപ്പാസ്, വൈറ്റില ജംഗ്ഷൻ, ഇൻഫോപാർക്ക്, വൈറ്റില ഹബ്ബ്
ക്യാമറ അറ്റകുറ്റപ്പണി തഥൈവ !
ഒരോവർഷവും അറ്റകുറ്റപ്പണി നടത്താമെന്ന കരാർ വ്യവസ്ഥയിലാണ് കെൽട്രോൺ ട്രാഫിക്ക് പൊലീസിനായി ക്യാമറകൾ സ്ഥാപിച്ചത്. വർഷങ്ങൾ ഓരോന്ന് പിന്നിടമ്പോഴും കാര്യക്ഷമമായ അറ്റകുറ്റപ്പണിയൊന്നും കെൽട്രോൺ ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം. അറ്റകുറ്റപ്പണി നടത്തിയെന്ന് കെൽട്രോൺ അവകാശപ്പെടുന്ന ക്യാമറകളും നിലവിൽ പ്രവർത്തിക്കുന്നുമില്ല. ക്യാമറകൾ ഇല്ലാത്ത ജംഗ്ഷനുകളിൽ ഇപ്പോൾ പുതിയ സംവിധാനമാണ് പ്രയോചനപ്പെടുത്തുന്നത്.
ക്യാമറാക്കഥ
• 2008 ആദ്യമായി സി.സി ടി.വി സ്ഥാപിച്ചു
• 132 എണ്ണം, മെട്രോയ്ക്കായി 33 എണ്ണം മാറ്റി
• 99 സി.സി.ടിവി ക്യാമറകളിൽ 60 കാഴ്ച മങ്ങി
• വൈകാതെ എല്ലാം അടിച്ചുപോയി
• 360 ഡിഗ്രി തിരിയുന്ന ക്യാമറയടക്കം സ്ഥാപിച്ചു
• 99 ക്യാമറകളാണ് സിറ്റി പൊലീസ് സ്ഥാപിച്ചത്