ആലുവ: ആദ്യഘട്ട നവീകരണം ഏറെക്കുറെ പൂർണമായതോടെ ആലുവ മുനിസിപ്പൽ ഗ്രൗണ്ടിന് പുതിയ മുഖം. 55 ലക്ഷം രൂപ ചെലവഴിച്ച് 30 അടി ഉയരത്തിൽ സ്റ്റീൽ ഫെൻസിംഗ്, മനോഹരമായ പ്രവേശനകവാടം, ഇലക്ട്രിഫിക്കേഷൻ, ടോയ്ലെറ്റ് ബ്ളോക്ക് നിർമ്മാണം എന്നിവയാണ് ഇതിനകം പൂർത്തിയാക്കിയത്. നവീകരിച്ച ഗ്രൗണ്ടിന്റെ ഉദ്ഘാടനം ഒമ്പതിന് വൈകിട്ട് അഞ്ചിന് ബെന്നി ബഹനാൻ എം.പി നിർവഹിക്കും. നഗരസഭ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിക്കും.

രണ്ടാം ഘട്ടത്തിൽ ജെബി മേത്തർ എം.പിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 125 ലക്ഷം രൂപ ചെലവഴിച്ചുള്ള ആർട്ടിഫിഷ്യൽ ടർഫ് നിർമ്മാണവും ഉടൻ തുടങ്ങും. അതോടെ ആലുവ മുനിസിപ്പൽ ഗ്രൗണ്ട് ആലുവയുടെ അലങ്കാരമാകും. നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നെന്ന ആക്ഷേപം ആദ്യഘട്ടത്തിൽ ഉയർന്നെങ്കിലും അവസാനഘട്ടമെത്തിയതോടെ കായികപ്രേമികളെല്ലാം സന്തോഷത്തിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗ്രൗണ്ട് നവീകരണം ആരംഭിച്ചത്. രണ്ട് കോടിയോളം രൂപയാണ് നഗരസഭ ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.
ആറര പതിറ്റാണ്ടിലേറെ പഴക്കമുള്ള മുനിസിപ്പൽ ഗ്രൗണ്ടിൽ പലവട്ടം നവീകരണങ്ങൾ നടന്നിട്ടുണ്ട്. പുല്ലുപിടിപ്പിച്ച ഗ്രൗണ്ട് പരിപാലനത്തിലെ അനാസ്ഥകാരണം ചെമ്മണ്ണ് നിറത്തിലാണ്. മണപ്പുറത്തു നിന്നും മറ്റും കൊണ്ടുവന്ന പുല്ല് ഗ്രൗണ്ടിൽ നട്ടും രണ്ട് തവണ പരീക്ഷണം നടത്തി. ആറ് വർഷം മുമ്പ് നഗരസഭ 10 ലക്ഷം രൂപചെലവഴിച്ച് പുല്ലുവച്ചുപിടിപ്പിച്ചു. നനയ്ക്കാനും പരിചരിക്കാനും പ്രത്യേകം ജീവനക്കാരനെ ചുമതലപ്പെടുത്തിയെങ്കിലും ഫലം കണ്ടില്ല.

പ്രവേശനകവാടത്തിലെ വലിയ തണൽമരം നവീകരണത്തിന് വെട്ടിയതോടെ ഗ്രൗണ്ടിലെ ഏക തണൽ ഇടവും ഇല്ലാതായി. സബ് ജയിൽ റോഡ്, ജവഹർ റോഡ് എന്നിവയ്ക്ക് അഭിമുഖമായാണ് 30 അടിയിലേറെ ഉയരമുള്ള സ്റ്റീൽ ഫെൻസിംഗ്. ഇനി നൈലോൺ നെറ്റ് കൂടി സ്ഥാപിക്കേണ്ടതുണ്ട്. റോഡിലേക്കും സമീപത്തെ വീടുകളിലേക്കും പന്ത് പോകാതിരിക്കാനാണ് ഫെൻസിംഗ് ഉയരത്തിലാക്കിയത്.