y

മരട്: നഗരസഭയിലെ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ടവർക്കായി പണികഴിപ്പിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് തികച്ചും സൗജന്യമായി നൽകുന്നതിനാണ് മരട് നഗരസഭാ 31-ാം ഡിവിഷനിൽ ഫ്ലാറ്റ് നിർമ്മിച്ചിരിക്കുന്നത്.

2015-16 കാലഘട്ടത്തിൽ ഇതിനായി സ്ഥലം വാങ്ങാൻ 87,87, 939 രൂപയും നിർമ്മാണ പ്രവർത്തനങ്ങൾക്കായി 2, 67, 94,171 രൂപയും നഗരസഭാ ചെലവഴിച്ചു. 20 സെന്റ് സ്ഥലത്ത് നിർമ്മിച്ച കെട്ടിടത്തിൽ 8 ഫ്ലാറ്റാണുള്ളത്. 650 ചതു. അടിയിൽ ഒരു ഹാൾ, ഡൈനിംഗ്, അറ്റാച്ച്ഡ് ബാത്ത്റൂമോടു കൂടിയ 2 ബെഡ്റൂമുകൾ, അടുക്കള എന്നിവയാണ് ഫ്ലാറ്റിനുള്ളത്.

അന്തിമഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.ഡി. രാജേഷ്, മിനി ഷാജി, റിനി തോമസ്, ബിനോയ് ജോസഫ്, ശോഭ ചന്ദ്രൻ, കൗൺസിലർമാരായ ജയ ജോസഫ്, മോളി ഡെന്നി, ചന്ദ്രകലാധരൻ, മുനിസിപ്പൽ എൻജിനിയർ എം.കെ. ബിജു എന്നിവർ ചേർന്ന് വിലയിരുത്തി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും വിധവകൾ, മാരക രോഗബാധിതരായവർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് മുൻഗണന ലഭിക്കുന്ന മാനദണ്ഡപ്രകാരമായിരിക്കും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതെന്ന് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു.