കോലഞ്ചേരി: കേരളപ്പിറവിക്ക്മുമ്പുള്ള നാട്ടുരാജ്യ ചരിത്രങ്ങളുടെ അവശേഷിപ്പുകളായ കൊതിക്കല്ലുകൾ നാശത്തിലേക്ക്. പുത്തൻകുരിശ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും പഴമയുടെ പ്രതീകമായി കൊതിക്കല്ലുകൾ അവശേഷിക്കുന്നുണ്ട്. ദേശീയപാതയ്ക്കരികിലെ വട്ടക്കുഴി പാലത്തിനു സമീപം തുടങ്ങി വടവുകോട് ഭജനമഠം റോഡരികിലുള്ള ചെറിയ തോടിനുസമീപമാണ് ആ അതിർത്തിയെന്നാണ് കരുതുന്നത്. അവിടെ ഇപ്പോഴും ചരിത്രത്തിന്റെ അവശേഷിപ്പായി കൊതിക്കല്ലുകളുണ്ട്. ഇതിന്റെ പ്രധാന്യം മനസിലാക്കാതെ പാടശേഖരങ്ങളിലെ കല്ക്കെട്ടുകൾക്ക് ചവിട്ടുപടിയായിവരെ വടവുകോട്ടിലെ കൊതിക്കല്ലുകൾ മാറിയിട്ടും പുരാവസ്തുവകുപ്പ് ഇങ്ങോട്ടേയ്ക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.
* കൊതിക്കല്ലിന്റെ ചരിത്രം
കൊച്ചി - തിരുവിതാംകൂർ നാട്ടുരാജ്യങ്ങളുടെ അതിർത്തി പങ്കിടുന്ന പ്രദേശം എന്നു സൂചിപ്പിക്കാനാണ് കൊതിക്കല്ലുകൾ സ്ഥാപിച്ചത്. മൈൽക്കുറ്റിയുടെ ആകൃതിയിലുള്ള കരിങ്കല്ലാണിത്. കല്ലിന്റെ രണ്ട് ഭാഗത്തായാണ് കൊ, തി എന്ന് എഴുതിയിരിക്കുന്നത്. ചിലയിടത്ത് ഇംഗ്ലീഷിലെ സി, ടി എന്നീ അക്ഷരങ്ങളുമുണ്ട്. കൊച്ചിക്ക് അഭിമുഖമായി കൊ എന്നും തിരുവിതാംകൂറിന് തി എന്നും എന്നെഴുതിയാണ് കല്ല് സ്ഥാപിച്ചതെന്നാണ് ചരിത്രം. നാല് വശങ്ങളിലായി ഒന്നരയടി വീതിയും ആറടിനീളവും വരെയുള്ള കല്ലുകളാണ് ഈ മേഖലയിൽ ഉള്ളത്. വടവുകോട്ടിലെ കൊതിക്കല്ലിന് പറയാനാെരു കഥയുണ്ട്. ടിപ്പു സുൽത്താനെ വിരട്ടിയോടിക്കാൻ ഒന്നിച്ചുനിന്ന രണ്ട് നാട്ടുരാജ്യങ്ങളുടെ കഥ. നൂറ്റാണ്ടുകൾക്കുമുമ്പ് കൊച്ചി നാട്ടുരാജ്യത്തെ കീഴടക്കാൻ ടിപ്പു പദ്ധതിയിട്ടു. വിവരമറിഞ്ഞ കൊച്ചി രാജാവ് തിരുവിതാംകൂറിന്റെ സഹായംതേടി. തിരുവിതാംകൂർ രാജാവ് കൊച്ചിക്ക് തുണനൽകി. ടിപ്പു ആലുവവരെ എത്തി മടങ്ങിപ്പോയത്രെ. ടിപ്പുവിന്റെ ആക്രമണത്തിൽനിന്ന് രാജ്യത്തെ രക്ഷപ്പെടുത്തിയ സന്തോഷത്തിൽ കൊച്ചി രാജാവ് വടക്കൻപറവൂർ തിരുവിതാംകൂറിന് ഉപഹാരമായി നൽകി. ഇത് സ്വീകരിച്ച തിരുവിതാംകൂർ രാജാവ് പകരം വടവുകോട് നൽകി. അങ്ങനെയാണ് വടവുകോട്ടിൽ കൊതിക്കല്ലുകൾ വരുന്നത്. പുത്തൻകുരിശ് പഞ്ചായത്തിലെ വടവുകോടായിരുന്നു ഇരുനാട്ടുരാജ്യങ്ങളുടെയും അതിർത്തി. അങ്ങനെയാണ് ഇവിടെ കൊതിക്കല്ലുകൾ വന്നത്.
കേരള ചരിത്രത്തിന്റെ അവശേഷിക്കുന്ന പ്രാധാന്യമർഹിക്കുന്ന കല്ലുകളാണ് വടവുകോട് മേഖലയിൽ ഉള്ളത്. സംരക്ഷിക്കാനുള്ള നടപടിയൊന്നും ഇതേവരെ ഉണ്ടായിട്ടില്ല.
* വേണം നടപടി
ചരിത്രപ്രാധാന്യമുള്ള കൊതിക്കല്ലുകൾ സംരക്ഷിക്കാൻ നടപടി വേണം.
ജോൺ ജോസഫ്,
മുൻ പഞ്ചായത്ത് അംഗം