കൊച്ചി: അനീതിക്കും മനുഷ്യാവകാശ ലംഘനത്തിനും പൊതുമുതൽ കൊള്ളയടിക്കുന്ന ശക്തികൾക്കുമെതിരായ ഒറ്റയാൾ പട്ടാളമായിരുന്നു കെ. പ്രഭാകരനും അദ്ദേഹം നയിച്ച സ്വാശ്രയ മട്ടാഞ്ചേരി എന്ന സംഘടനയും. ഏറ്റെടുക്കുന്ന ദൗത്യങ്ങളിൽ വിജയം കാണാതെ പിന്മാറില്ലെന്ന ദൃഢനിശ്ചയം അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു.
മനുഷ്യസ്‌നേഹവും പൊതുപ്രവർത്തനവും കമ്മ്യൂണിസ്റ്റു പാർട്ടിയിലേക്കും തൊഴിലാളി പ്രവർത്തനങ്ങളിലേക്കും പത്രപ്രവർത്തനത്തിലേക്കും അദ്ദേഹത്തെ ആകർഷിച്ചു. ഇടയ്ക്ക് പാർട്ടി ബന്ധം വിട്ടെങ്കിലും കമ്മ്യൂണിസ്റ്റ് ആശയങ്ങളും ആദർശങ്ങളും കൈവിട്ടില്ല.
കൊല്ലത്തെ തൊഴിലാളി കുടുംബത്തിലാണ് ജനനം. മാതാപിതാക്കൾ മരിച്ചതോടെ ചെറുപ്പത്തിലേ കുടുംബചുമതല ഏറ്റെടുത്തു. പത്താം ക്ലാസ് കഴിഞ്ഞ് ദേശാഭിമാനി പത്രത്തിൽ സിലിണ്ടർ പ്രിന്റർ ഓപ്പറേറ്ററായി ജോലി ആരംഭിച്ചു. കൊല്ലത്തെ ന്യൂ ഇന്ത്യാ പ്രിന്റേഴ്‌സ്, കേരളശബ്ദം എന്നിവയിലും പ്രവർത്തിച്ചു. കേരളശബ്ദത്തിന്റെ ഉടമസ്ഥതയിൽ മട്ടാഞ്ചേരിയിലെ രാധാസ് പ്രസിൽ ജോലിക്കായാണ് കൊച്ചിയിലെത്തിയത്.
1973ൽ സി.പി.എം അംഗമായി. അടിയന്തരാവസ്ഥക്കാലത്ത് മനുഷ്യവാകാശ ലംഘനങ്ങൾക്കെതിരെ പോരാട്ടം ആരംഭിച്ചു. കെ.എസ്.വൈ.എഫിലൂടെ സി.പി.എം പ്രവർത്തകനായി. എം.വി. രാഘവനുമായി അടുപ്പം സ്ഥാപിച്ചിരുന്നു. രാഘവനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് 1986 ജൂൺ 26ന് സി.എം.പി രൂപീകരണത്തിൽ പ്രഭാകരനും പങ്കാളിയായി. 1941 വരെ സി.എം.പിയിൽ പ്രവർത്തിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം, ട്രേഡ് യൂണിയന്റെ സംസ്ഥാന സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. പിന്നീട് സി.പി.എമ്മിൽ തിരിച്ചെത്തി.
രാഷ്ട്രീയമല്ല, സാമൂഹികസേവനമാണ് തനിക്ക് യോജിച്ചതെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം സ്വാശ്രയ മട്ടാഞ്ചേരി രൂപീകരിച്ചു. കൊലപാതകങ്ങളിലും ദുരൂഹമരണങ്ങളിലും ഇരകൾക്കു വേണ്ടി പോരാടി. പൊലീസ് എഴുതിത്തള്ളിയ നിരവധി കേസുകൾ അദ്ദേഹത്തിന്റെ ഇടപെടലിലാണ് തെളിഞ്ഞത്.
താലൂക്ക് സഭ അംഗം, കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രി ഉപദേശക സമിതി അംഗം, സ്വാശ്രയ മട്ടാഞ്ചരി സെക്രട്ടറി, യു.ഡി.എഫ് ജില്ലാ ഏകോപന സമിതി അംഗം, ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ്, ശ്രീബുദ്ധ കൾച്ചറൽ സെന്റർ പ്രസിഡന്റ്, പശ്ചിമകൊച്ചി പ്രസ് ക്ലബ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.
കേരളശബ്ദം, മലയാളമണ്ണ് എന്നിവയിൽ ലേഖകനായി പ്രവർത്തിച്ചു. 1996ൽ കേരളകൗമുദിയുടെ മട്ടാഞ്ചേരി ലേഖകനായി.