കൊച്ചി: ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം 'ഉണർവ് 2023'ന്റെ ജില്ലാതല ഉദ്ഘാടനം ഉമ തോമസ് എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ കേരള നോളജ് ഇക്കോണമി മിഷന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട അഭ്യസ്ത വിദ്യരായ തൊഴിൽ അന്വേഷകർക്കായുള്ള ഭിന്നശേഷി വിജ്ഞാന തൊഴിൽ പദ്ധതി സമഗ്രയുടെ ജില്ലാതല ഉദ്ഘാടനവും നടന്നു. ജില്ലയിലെ വിവിധ സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾ, ഭിന്നശേഷി സംഘടനകളിൽ ഉൾപ്പെടുന്നവർ കലാ പരിപാടികൾ അവതരിപ്പിച്ചു. 2023ലെ മികച്ച നഗരസഭയ്ക്കുള്ള സംസ്ഥാന ഭിന്നശേഷി അവാർഡ് നേടിയ ഏലൂർ നഗരസഭയെ തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ രാധാമണി പിള്ള ആദരിച്ചു. തൃക്കാക്കര ഭാരത മാതാ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സനിത റഹീം, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ, വൈസ് ചെയർപേഴ്‌സൺ ഗീത ബാബു, കൗൺസിലർ ജയശ്രീ സതീഷ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ വി.ജെ. ബിനോയ്, സീനിയർ സൂപ്രണ്ട് എം.വി. സ്മിത, കേരള നോളജ് ഇക്കോണമി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ മിഥു പ്രസാദ്, റീജിയണൽ മാനേജർ നീതു സത്യൻ, വിവിധ ഭിന്നശേഷി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.