നെടുമ്പാശേരി: കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് ഹൈസ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'വിസ്ത 2023' സമാപിച്ചു. ഫോക്‌ലോർ കലകളും അറിവുകളും സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച നാട്ടരങ്ങിൽ മലവാഴി ആട്ടത്തിലെ മണി മുത്തപ്പനും മയിലാട്ടവും കാഴ്ചക്കാരെ ഏറെ ആകർഷിച്ചു. മജീഷ്യൻ എം.എ. സുധീറും ജൂനിയർ മജീഷ്യൻ മുഹമ്മദ് സുഹൈലും ചേർന്ന് അവതരിപ്പിച്ച മാന്ത്രികസന്ധ്യയും ശ്രദ്ധേയമായി. രാജഭരണ കാലത്തെ നാണയങ്ങൾ, പഴയ കാല ബ്രട്ടീഷ് നാണയങ്ങൾ, സ്മാരക നാണയങ്ങൾ, പിൻവലിച്ച നാണയങ്ങൾ എന്നിവ പുതുമയും കൗതുകവും പകർന്നു.
സ്‌കൂൾ വാർഷികം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. മാനേജർ ജോഷി വേഴപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, പി.ടി.എ പ്രസിഡന്റ് ഷിബി പുതുശേരി, ഹെഡ്മിസ്ട്രസ് പി.പി. ലീന, ഷിബി ശങ്കർ, ലൂസി തോമസ്, പി. രാജീവ്, ഡോ. സ്മിത വിനോദ്, ജോഷി ജോൺ, മില മാത്യു എന്നിവർ സംസാരിച്ചു.