കൊച്ചി: ലക്ഷദ്വീപിലേക്ക് ചരക്ക് കയറ്റിവന്ന ഉരു അപകടത്തിൽപെട്ട് തകർന്നു. മംഗലാപുരത്ത് നിന്ന് കിൽത്താൻ ദ്വീപ് വഴി ചെത്ത് ലത്തിലേക്ക് എത്തിയ ഉരു പാറയിൽ തട്ടി തകരുകയായിരുന്നു. ജീവനക്കാരെല്ലാവരും സുരക്ഷിതരാണെന്ന് ലക്ഷദ്വീപ് പോർട്ട് അധികൃതർ അറിയിച്ചു.
കട്മത്ത് ദ്വീപ് സ്വദേശികളായ പി.പി. അബ്ദുൽ ഖാദർ, പി.പി. മുഹമ്മദ് ബഷീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള എം.എസ്.യു നൂർ അൽഖാദിരി ഉരുവാണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച രാത്രി 11.40ന് പോർട്ട് അധികൃതർക്ക് അപകടം സംബന്ധിച്ച അറിയിപ്പ് ലഭിച്ച ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. എം സാൻഡ്, റേഷൻ സാമഗ്രികൾ എന്നിവ കയറ്റിയ ഉരു ചെത്ത് ലത്ത് തീരത്ത് നിന്ന് ഒരുകിലോമീറ്റർ അകലെ വച്ചാണ് തകർന്നത്. എം സാൻഡ്, റേഷൻ സാമഗ്രികൾ എന്നിവയാണ് ഉരുവിലുണ്ടായിരുന്നത്.
ഉരു കരയ്ക്കെത്തിക്കാനും ജീവനക്കാരെ രക്ഷപെടുത്താനുമായി നാട്ടുകാരും രംഗത്തിറങ്ങി. ഉരു കരയ്ക്കെത്തിക്കാൻ മണിക്കൂറുകൾ നീണ്ട പ്രയത്‌നം തുടരുകയാണ്. ബോട്ടുകളുടെ സഹായത്തോടെ കെട്ടിവലിച്ച് പാറയിൽ നിന്ന് ഇറക്കാനുള്ള ശ്രമകരമായ നീക്കമാണ് നടക്കുന്നതെന്നും ചരക്ക് പരമാവധി സുരക്ഷിതമാക്കാൻ ശ്രമിക്കുകയാണെന്നും പോർട്ട് അധികൃതർ പറഞ്ഞു.
മോശം കാലാവസ്ഥ അപകടത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.