#പുഴകളിൽ കൈത്താങ്ങായത് നിരവധി പേർക്ക്
ആലുവ: ജലാശയ രക്ഷാ പ്രവർത്തനങ്ങളിൽ മാതൃകയായ ഉളിയന്നൂർ കുഞ്ഞുണ്ണിക്കര സ്‌കൂബ ടീം നാലാം വാർഷിക നിറവിൽ. നാലുവശവും പെരിയാറിനാൽ ചുറ്റപ്പെട്ട ഉളിയന്നൂർ കുഞ്ഞുണ്ണിക്കര ദ്വീപിലെ 18 യുവാക്കൾ ചേർന്ന് രൂപീകരിച്ച യു.കെ സ്കൂബ ടീം നിരവധി സന്ദർഭങ്ങളിൽ രക്ഷകരായിട്ടുണ്ട്.
ആധുനിക സജ്ജീകരണങ്ങളോടെ സർക്കാർ സംവിധാനങ്ങൾ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനാകാത്ത നിരവധി മൃതദേഹങ്ങൾ യു.കെ സ്‌കൂബ ടീമംഗങ്ങൾ കണ്ടെത്തിയതോടെയാണ് ഇവരുടെ സേവനങ്ങൾ ജനശ്രദ്ധയാകർഷിച്ചത്.
വാർഷികത്തോടനുബന്ധിച്ച് ആലുവ കിഴക്കേ മണപ്പുറം കടവിൽ ജലരക്ഷാപ്രവർത്തന പരിശീലനം ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്തു. ബി.എ. അബ്ദുൾ മുത്തലിബ് അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, ഡെപ്യൂട്ടി കളക്ടർ ഉഷ ശ്യാം നായർ, അൽത്താഫ് ജഹാംഗീർ, കെ.എസ്. സനീഷ്, റമീന ജബ്ബാർ, പി.എ. സിയാദ്, മുഹമ്മദ് അൻവർ, വി.ഇ. അബദുൾ ഗഫൂർ, എം.ബി. ജലീൽ, പി.എ. ഷാജഹാൻ, അൻസാരി ചാലിയേരി എന്നിവർ പ്രസംഗിച്ചു. ഡോ. അബ്ദുൾ റഹ്മാൻ ഖലീൽ ജീവൻ രക്ഷാപ്രവർത്തന പരിശീലനത്തിന് നേതൃത്വം നൽകി.
സ്‌കൂബ ടീം അംഗങ്ങൾ, നീന്തൽ പരിശീലകൻ സജീ വളാശ്ശേരി, അനാഥ മൃതദേഹ സംസ്‌കരണത്തിന് നേതൃത്വം നൽകുന്ന വിനു എന്നിവരെ ആദരിച്ചു.
......................................
അപകട വിവരം വാട്‌സാപ്പ് ഗ്രൂപ്പിൽ അറിയിച്ചാൽ ജോലി സ്ഥലങ്ങളിൽ നിന്നെല്ലാം അംഗങ്ങൾ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടും, ഇതാണ് തങ്ങളുടെ രീതി.
കോഓഡിനേറ്റർ നിയാസ് കപ്പൂരി, ക്യാപ്റ്റൻ സുധീർ ബുഹാരി