k-prabhakaran-73

മട്ടാഞ്ചേരി: കേരളകൗമുദി മട്ടാഞ്ചേരി മുൻ ലേഖകനും പശ്ചിമകൊച്ചിയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ സജീവസാന്നിദ്ധ്യവും വിവരാവകാശ പ്രവർത്തകനുമായിരുന്ന ചുള്ളിക്കൽ കൊച്ചുവീട്ടിൽ കെ. പ്രഭാകരൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കൂവപ്പാടം ശ്മശാനത്തിൽ.

ഭാര്യ: പി.കെ. ജയ (കേരള ബാങ്ക് തോപ്പുംപടി ശാഖ). മക്കൾ: സുനിൽ, അനിൽലാൽ, കലേഷ്, പരേതനായ സനൽ. മരുമക്കൾ: ദിവ്യ, സജിനി.

'സ്വാശ്രയ മട്ടാഞ്ചേരി" സെക്രട്ടറിയായിരുന്നു. ചക്കനാട്ട് മഹേശ്വരി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ്, കൊച്ചി പ്രസ് ക്ലബ് പ്രസിഡന്റ്, ശ്രീബുദ്ധ കൾച്ചറൽ സെന്റർ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കൊല്ലം ചന്ദനത്തോപ്പ് കൊച്ചുവീട്ടിൽ പരേതരായ കുഞ്ഞിരാമൻ - അമ്മക്കുഞ്ഞി ദമ്പതികളുടെ മകനാണ്. മട്ടാഞ്ചേരിയിലെ രാധാസ് പ്രസിൽ ജീവനക്കാരനായാണ് കൊച്ചിയിലെത്തിയത്. കെ.എസ്.വൈ.എഫിലൂടെ സി.പി.എമ്മിലെത്തിയ അദ്ദേഹം പാണ്ടിക്കുടി ബ്രാഞ്ച് സെക്രട്ടറി, പനയപ്പിള്ളി ലോക്കൽ കമ്മിറ്റി അംഗം, കർഷകസംഘം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. എം.വി. രാഘവനൊപ്പം സി.എം.പിയുടെ രൂപീകരണത്തിൽ പങ്ക് വഹിച്ചു. 1991 വരെ സി.എം.പിയിൽ പ്രവർത്തിച്ച അദ്ദേഹം ജില്ലാ സെക്രട്ടേറിയറ്റ് അംഗം, ട്രേഡ് യൂണിയന്റെ സംസ്ഥാന സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.

സജീവരാഷ്ട്രീയം ഉപേക്ഷിച്ച ശേഷം സ്വാശ്രയ മട്ടാഞ്ചേരി രൂപീകരിച്ചു. പശ്ചിമകൊച്ചിയിലെ നിരവധി ദുരൂഹമരണങ്ങളിൽ പൊലീസ് അന്വേഷണം നടത്തിക്കുന്നതിൽ നിർണായക ഇടപെടലുകൾ നടത്തി. പൊതുസ്ഥലങ്ങളുടെ കൈയേറ്റങ്ങൾക്കെതിരെ വിവരാവകാശ നിയമപ്രകാരം ഇടപെടുന്നതിലും തിരിച്ചുപിടിക്കുന്നതിലും നിർണായകപങ്ക് വഹിച്ചിട്ടുണ്ട്. പൊതുപ്രവർത്തനത്തിന്റെ ഭാഗമായി പത്രപ്രവർത്തനം സ്വീകരിച്ച അദ്ദേഹം 1996 മുതൽ മൂന്നു പതിറ്റാണ്ടോളം കേരളകൗമുദിയുടെ മട്ടാഞ്ചേരി ലേഖകനായി പ്രവർത്തിച്ചു.