പറവൂർ: ഡൽഹിയിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് എത്തിച്ച് സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സംഘത്തിലെ മൂന്ന് പേരെ പൊലീസ് പിടികൂടി. ആലങ്ങാട് നീറിക്കോട് തേവാരപ്പിള്ളി നിധിൻ വിശ്വം (25), നോർത്ത് പറവൂർ തട്ടാംപടി കണ്ണൻകുളത്തിൽ നിധിൻ കെ. വേണു (തംബുരു -28), പെരുവാരം ശരണം വീട്ടിൽ അമിത്കുമാർ (29) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 1810 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു. പിടിച്ചെടുത്ത മയക്കുമരുന്നിന് 54 ലക്ഷം രൂപ വില വരും.
പ്രതികൾ പറവൂർ തത്തപ്പിള്ളിയിൽ വാടകയ്ക്കെടുത്ത വീട്ടിൽ നിന്നും വീട്ടുവളപ്പിലുണ്ടായിരുന്ന വാഹനത്തിൽ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്.
ഡൽഹിയിൽ നിന്ന് സെക്കൻഡ് ഹാൻഡ് വാഹനവും മയക്കുമരുന്നും വാങ്ങി കേരളത്തിലെത്തിച്ച് വില്പന നടത്തുന്നതായിരുന്നു രീതി. അമ്പത്, ഇരുപത് ഗ്രാം പായ്ക്കറ്റുകളിലാക്കിയാണ് വില്പന. വാഹനത്തിന്റെ ടയറുകൾക്കുള്ളിൽ നിന്നാണ് കൂടുതൽ മയക്കുമരുന്ന് ലഭിച്ചത്. ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിംഗിനെന്ന് പറഞ്ഞാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. നിധിൻ കെ.വേണു കഞ്ചാവ് കേസിലും നിധിൻ വിശ്വം കൊലപാതക ശ്രമം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കേസുകളിലും പ്രതിയാണ്.
ഡിവൈ.എസ്.പിമാരായ പി.പി. ഷംസ്. എം.കെ. മുരളി, ഇൻസ്പെക്ടർ ഷോജോ വർഗീസ്, സബ് ഇൻസ്പെക്ടർമാരായ പ്രശാന്ത് പി. നായർ, ഷാഹുൽ ഹമീദ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
മറയായി ഷൂട്ടിംഗ്
മയക്കുമരുന്ന് സംഘം താവളമായി തെരഞ്ഞെടുത്തത് തത്തപ്പിള്ളി അത്താണിയിലെ പഴക്കംചെന്ന വീട്. മൂന്ന് മാസം മുമ്പാണ് അമിത്കുമാർ ഹ്രസ്വചിത്ര ഷൂട്ടിംഗിനെന്ന് പറഞ്ഞ് ഉടമയെ സമീപിക്കുന്നത്. പൊളിക്കാൻ ഇട്ടിരിക്കുന്ന വീടാണെന്നും സൗകര്യം കുറവാണെന്നും പറഞ്ഞപ്പോൾ അതാണ് ഞങ്ങൾക്ക് വേണ്ടെതെന്ന് പറഞ്ഞ് മൂന്ന് മാസത്തേക്ക് കരാർ എഴുതി. കഴിഞ്ഞ മാസം കാലാവധി തീർന്നപ്പോൾ ഒരു മാസത്തേക്ക് നീട്ടിവാങ്ങി. ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് പൊലീസ് സംഘം ഇവിടെ എത്തിയത്. ഈസമയം സംഘം മയക്കുമരുന്നുമായി പുറത്തേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു.
ഒരു മാസം മുമ്പ് വരെ വീടിനുമുന്നിൽ ഹ്രസ്വചിത്രത്തിലേക്ക് അഭിനേതാക്കളെ തേടി ബോർഡ് വച്ചിരുന്നു. നിരവധി പേരുടെ ഓഡിഷനും വീട്ടിൽ നടത്തിയുന്നു. സിനിമാ രംഗത്ത് മയക്കുമരുന്ന് എത്തിക്കുന്ന സംഘവുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.