nva
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന നവകേരള സദസ്സ് അവലോകന യോഗത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് സംസാരിക്കുന്നു.

കൊച്ചി: വ്യാഴാഴ്ച ആരംഭിക്കുന്ന എറണാകുളം ജില്ലയിലെ നവകേരള സദസ് വേദികളിൽ അപേക്ഷ നൽകാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. വനിതകൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്ക് പ്രത്യേക കൗണ്ടർ സജ്ജീകരിക്കും.

അപേക്ഷ സ്വീകരിക്കുന്ന കൗണ്ടറുകളിൽ കുടിവെള്ളം, ഫാൻ എന്നിവയുമുണ്ടാകും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന നവകേരള സദസ് അവലോകന യോഗത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഒരുക്കങ്ങൾ വിലയിരുത്തി.


ക്രമീകരണങ്ങൾ ഇങ്ങനെ

അപേക്ഷ നൽകാൻ ഓരോ മണ്ഡലത്തിലും 30 കൗണ്ടറുകൾ.

സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പ് അപേക്ഷ സ്വീകരിച്ചു തുടങ്ങും.

കൗണ്ടറിൽ നിന്ന് ടോക്കൺ എടുത്തശേഷം കൗണ്ടറിലെത്തി അപേക്ഷ നൽകണം

അപേക്ഷയോടൊപ്പം ഫോൺ നമ്പർ, മേൽവിലാസം, പിൻകോഡ് എന്നിവ നിർബന്ധം.

കൗണ്ടറിൽ നിന്ന് ലഭിക്കുന്ന രസീത് കൈയിൽ സൂക്ഷിക്കണം

മുഖ്യമന്ത്രിയുടെയോ അതത് വകുപ്പ് മന്ത്രിയുടെയോ പേരിൽ അപേക്ഷ എഴുതാം. ഓരോ ആവശ്യത്തിനും പ്രത്യേകം അപേക്ഷകൾ വേണം.

മുൻപ് നൽകിയ അപേക്ഷകളെക്കുറിച്ചുള്ള അന്വേഷണത്തിന് പഴയ ഫയൽ നമ്പറോ അതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും രേഖകളോ വേണം

ചികിത്സാ സഹായത്തിനള്ള അപേക്ഷകളുടെ കൂടെ ഡോക്ടറുടെ കുറിപ്പടിയും ബില്ലുകളുമുണ്ടാകണം

ഭിന്നശേഷിക്കാർ അപേക്ഷ നൽകാൻ നേരിട്ട് പോകേണ്ടതില്ല


എ.ഡി.എം എസ്. ഷാജഹാൻ, ഡെപ്യൂട്ടി കളക്ടർമാരായ കെ. ഉഷാ ബിന്ദുമോൾ, എ.ഇ. അബ്ബാസ്, എൻ.എച്ച് സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർ പദ്മചന്ദ്ര കുറുപ്പ്, ഹുസൂർ ശിരസ്തദാർ അനിൽ കുമാർ മേനോൻ, സീനിയർ സൂപ്രണ്ട് ബിന്ദു രാജൻ എന്നിവർ അവലോകന യോഗത്തിൽ സംസാരിച്ചു.

ഏഴു മുതൽ 10 വരെ 14 നിയമസഭാ മണ്ഡലങ്ങളിലാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. മുഴുവൻ സ്ഥലങ്ങളിലും ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു.