കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ചോറ്റാനിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ അഭിഭാഷകൻ പി. ജി. മനുവിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. പ്രതിക്ക് അഭിഭാഷകനെന്ന പരിഗണന നല്കാനാവില്ലെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് പറഞ്ഞു.
അതേസമയം അധികാരം ദുരുപയോഗം ചെയ്തും സമ്മതമില്ലാതെയും തന്നെ പീഡനത്തിനിരയാക്കിയ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് യുവതിയും ഹൈക്കോടതിയെ സമീപിച്ചു. തുടർന്നാണ് ഹർജി 12ലേക്ക് മാറ്റിയത്.
മുമ്പ് പീഡനത്തിനിരയായ യുവതി കേസ് ഒത്തുതീർപ്പാക്കാനാണ് നിയമസഹായംതേടി തന്നെ സമീപിച്ചതെന്നും പരാതിക്കാരി ആരോപിക്കുന്ന വിധത്തിലുള്ള കുറ്റകൃത്യം ഉണ്ടായിട്ടില്ലെന്നും അഭിഭാഷകന്റെ ഹർജിയിൽ പറയുന്നു. ജോലിസംബന്ധമായ ശത്രുതയെ തുടർന്ന് തന്റെ സൽപ്പേര് ഇല്ലാതാക്കാനുള്ള ചിലരുടെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിതെന്നും ആരോപിച്ചു. സർക്കാർ സീനിയർ പ്ലീഡറായിരുന്ന മനുവിന് പരാതിയെത്തുടർന്ന് രാജിവയ്‌ക്കേണ്ടിവന്നിരുന്നു.