ആലങ്ങാട് : കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, മോഡൽ കരിയർ സെന്റർ, സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഒഫ് ദ് നേഷൺ, വെളിയത്തുനാട് സർവീസ് സഹകരണ ബാങ്ക്, ആലുവ യു സി കോളേജ് എന്നിവർ സംയുക്തമായി ഒമ്പതിന് യു സി കോളേജിൽ വച്ച് മെഗാ തൊഴിൽമേള നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പകൽ ഒമ്പത് മുതൽ വൈകീട്ട് നാല് വരെ നടക്കുന്ന മേളയിൽ
50 ൽപ്പരം സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കും. 5000 ത്തോളം തൊഴിലവസരങ്ങൾ ഇതു വഴി ലഭ്യമാക്കും.10-ാം തരം മുതൽ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് വരെ പങ്കെടുക്കാനാകും. ഉദ്യോഗാർത്ഥിയിൽ നിന്നോ തൊഴിൽ ദാതാവിൽ നിന്നോ ഒരു തരത്തിലുള്ള ഫീസും ഈടാക്കില്ല. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങളും ഒഴിവുകളും, വിദ്യാഭ്യാസ യോഗ്യതയും സൂചിപ്പിക്കുന്ന ബോർഡ് തൊഴിൽ മേള നടക്കുന്ന കോളേജ് കാമ്പസിൽ പ്രദർശിപ്പിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മൂന്ന് സെറ്റ് ബയോഡാറ്റ സഹിതം മേളയിലെത്തി രജിസ്റ്റർ ചെയ്യണം. ചെറുകിട സ്വകാര്യ സ്ഥാപനങ്ങൾക്കും തൊഴിൽ മേളയിൽ പങ്കെടുക്കാനാകുമെന്നും അർഹമായ ജോലി ഉറപ്പാക്കാൻ മേള സഹായപ്രദമാകുമെന്നും മെഗാ ജോബ് ഫെയർ സിഇഒ പി ജി രാമചന്ദ്രൻ, യു സി കോളേജ് പ്രിൻസിപ്പൽ ഡോ എം ഐ പുന്നൂസ്, വെളിയത്തുനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് ബി ജയരാജ്, സെക്രട്ടറി പി ജി സുജാത എന്നിവർ പറഞ്ഞു. ഉദ്യോഗാർത്ഥികൾ 8301834866,8301854866 എന്ന നമ്പറിലും സ്ഥാപന ഉടമകൾ 9495387866 നമ്പറിലും വിളിക്കണം.