പെരുമ്പാവൂർ: ഹൈസ്കൂൾ വിഭാഗത്തിൽ 9,10 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള സെൻട്രൽ പ്രീ മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചതായി എൽദോസ് കുന്നപ്പള്ളി എം.എൽ.എ അറിയിച്ചു . 2024 ഫെബ്രുവരി 28 വരെയാണ് അപേക്ഷിക്കാനുള്ള സമയം. പഠിക്കുന്ന സ്ഥാപനത്തിന്റെ ഇ-ഗ്രാന്റ്സ് ലോഗിൻ മുഖേന ഓൺലൈനായിട്ടാണ് അപേക്ഷ നൽകേണ്ടത്. ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ സ്കൂളിൽ നൽകുകയും സ്കൂളിൽ നിന്നും അവ e-district portal വഴി ഓൺലൈൻ ആയി വാലിഡേറ്റ് ചെയ്യുകയും വേണം. പദ്ധതിക്കായി അപേക്ഷിക്കാൻ വിദ്യാർഥികൾക്ക് ആധാർ സീഡഡ് അക്കൗണ്ട് നിർബന്ധമാണ്.
കേന്ദ്ര സർക്കാർ നിബന്ധന പ്രകാരം കുടുംബ വാർഷിക വരുമാന പരിധി 2.50 ലക്ഷം രൂപ വരെയുള്ള വിദ്യാർഥികൾക്കു മാത്രമേ പദ്ധതിക്ക് അപേക്ഷിക്കുവാൻ കഴിയൂ.സ്കോളർഷിപ്പ് നിരക്കുകൾ ഡേ സ്കോളർ രൂ. 3500/- ,ഹോസ്റ്റലർ രൂ. 7000/- , എന്നിങ്ങനെയാണ്.
ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് 10 ശതമാനം തുക അധികം ലഭിക്കുന്നതാണ്. ഭിന്നശേഷിയുള്ളവരും ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നവരും അതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ കൂടി ഹാജരാക്കണം.
2023 - 24 വർഷത്തെ ഗവ / എയ്ഡഡ് സ്കൂളിൽ പഠിക്കുന്ന പട്ടികജാതി, വിഭാഗം കുട്ടികൾക്കുള്ള സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പിന് സ്കൂളിൽ നിന്ന് e - grantz മുഖേന അപേക്ഷ നൽകണം. ഡിസംബർ പതിനഞ്ചാണ് അവസാന തീയതി . വിശദവിവരങ്ങൾക്ക് കുറുപ്പുംപടി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള എസ് സി ഡെവലപ്മെൻറ് ഓഫീസുമായി (ഓഫീസർ അഖിലേഷ്: 8547630088) ബന്ധപ്പെടണം.