dr-vandana-das

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കുത്തേറ്റുമരിച്ച സംഭവത്തിൽ മാതാപിതാക്കളായ കെ. ജി. മോഹൻദാസ്, ടി. വസന്തകുമാരി എന്നിവർ സി.ബി.ഐ അന്വേഷണം തേടി നല്കിയ ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി. പ്രതിയായ സന്ദീപും കേസിൽ കക്ഷിചേർന്നിട്ടുണ്ട്. ആദ്യം കേസ് പരിഗണിച്ച ബെഞ്ച് വാദം കേൾക്കുന്നതിൽനിന്ന് പിൻമാറിയതിനെത്തുടർന്ന് ജസ്റ്റിസ് പി. ഗോപിനാഥാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ വിചാരണക്കോടതി പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതടക്കമുള്ള നടപടികൾ സിംഗിൾബെഞ്ച് നേരത്തേ സ്റ്റേചെയ്തിരുന്നു. ഇതുതുടരും.
കഴിഞ്ഞ മേയ് പത്തിന് രാത്രി പൊലീസ് മെഡിക്കൽ പരിശോധനയ്ക്ക് ആശുപത്രിയിൽ കൊണ്ടുവന്ന പ്രതിയുടെ കുത്തേറ്റാണ് ഡോ. വന്ദന ദാസ് മരിച്ചത്. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും ഇക്കാര്യം മറച്ചുവച്ചാണ് അന്വേഷണമെന്നുമാണ് മാതാപിതാക്കളുടെ ആരോപണം.